ഉൾക്കാട്ടിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു
|680 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം
പാലക്കാട്: മംഗലംഡാമിൽ ഉൾക്കാട്ടിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. തളികക്കല്ലിൽ സുജാതയുടെ കുഞ്ഞാണ് മരിച്ചത്. സുജാതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ബന്ധുക്കൾ തന്നെയാണ് തിരികെ കൊണ്ടുവന്നത്. സംഭവത്തിൽ പാലക്കാട് ഡി എം ഒ റിപ്പോർട്ട് തേടി.
തൃശ്ശൂർ മെഡിക്കൽ കോളേജിലെ ചികിത്സക്കിടെ ഇന്ന് പുലർച്ചെയാണ് കുഞ്ഞ് മരിച്ചത്. 680 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം. കഴിഞ്ഞ 17ന് സുജാതയെ പ്രസവ ചികിത്സക്ക് തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു എന്നാൽ ആശുപത്രിയിൽ പോയി ശീലമില്ലാത്ത ഇവർ 18ന് അവിടെ നിന്നും തിരികെ വീട്ടിലേക്ക് പോവുകയായിരുന്നു. തുടർന്ന് 23ന് യുവതിക്ക് രക്തസ്രാവം ഉണ്ടായതോടെ ഊരിൽ വെള്ള സൗകര്യം ഇല്ലാത്തതിനാൽ ഉൾക്കാട്ടിലെ തോടിന് സമീപം പ്രസവിക്കുകയായിരുന്നു.
സ്വന്തം ഇഷ്ടപ്രകാരമാണ് ഇവർ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് വന്നതെന്നാണ് ആരോഗ്യ പ്രവർത്തകരുടെ വിശദീകരണം. യുവതി കാട്ടിൽവെച്ച് പ്രസവിച്ച ശേഷമാണ് ആരോഗ്യ പ്രവർത്തകർ വിവരമറിയുന്നത്.
ഇതിനുമുൻപ് മൂന്നുവട്ടം സുജാതയ്ക്ക് കുഞ്ഞുങ്ങൾ ഉണ്ടാവുകയും പ്രസവത്തെ തുടർന്ന് കുഞ്ഞുങ്ങൾ മരിക്കുകയും ചെയ്തിരുന്നു . സുജാതയുടെ ആരോഗ്യസ്ഥിതി മോശമെന്നറിഞ്ഞിട്ടും ആരോഗ്യ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ജാഗ്രത കുറവുണ്ടായോ എന്ന് ഡി.എം.ഒ പരിശോധിക്കും. റിപ്പോർട്ട് കിട്ടിയ ശേഷം ആവശ്യമെങ്കിൽ തുടർ നടപടി സ്വീകരിക്കുമെന്നും ഡി.എം.ഒ അറിയിച്ചു.