വാളയാർ കേസ് പ്രതികളുടെ ജാമ്യ ഹരജികൾ ഇന്ന് പരിഗണിക്കും
|വലിയ മധുവെന്ന മധു, ഷിബു എന്നിവർ നൽകിയ ഹരജികളാണ് ജസ്റ്റിസ് പി. ഗോപിനാഥ് പരിഗണിക്കുന്നത്
വാളയാർ കേസ് പ്രതികളുടെ ജാമ്യ ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വലിയ മധുവെന്ന മധു, ഷിബു എന്നിവർ നൽകിയ ഹരജികളാണ് ജസ്റ്റിസ് പി. ഗോപിനാഥ് പരിഗണിക്കുന്നത്. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതി തേടിയിട്ടുണ്ട്. 13 വയസുള്ള മൂത്ത കുട്ടിയെ 2014 ജനുവരി 13 നും ഒമ്പതു വയസുള്ള ഇളയ കുട്ടിയെ 2014 മാർച്ച് നാലിനും ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കേസ് സി.ബി.ഐ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് വാളയാർ സഹോദരിമാരുടെ ദുരൂഹ മരണക്കേസ് സി.ബി.ഐ ഏറ്റെടുത്തത്. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസന്വേഷിക്കുന്നത്. പ്രതികൾക്കെതിരെ കൊലക്കുറ്റമടക്കം ചുമത്തിയ സി.ബി.ഐ പാലക്കാട് പോക്സോ കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചിട്ടുണ്ട്.
ജനുവരി 2 നാണ് വാളയാർ കേസ് സി.ബി.ഐക്ക് വിട്ട് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയത്. എന്നാൽ സി.ബി.ഐ കേസ് ഏറ്റെടുക്കാൻ വൈകിയിരുന്നു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് തിരുവനന്തപുരം സി.ബി.ഐ യൂണിറ്റ് കേസ് ഏറ്റെടുത്തത്. പാലക്കാട് പ്രത്യേക പോക്സോ കോടതിയിൽ രണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. രണ്ട് കുട്ടികളുടെ മരണത്തിലും പ്രത്യേക എഫ്ഐആര്‍ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.