ഉരുൾ ദുരന്തം: മുഖ്യമന്ത്രി മുന്നോട്ടുവെച്ച ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കാതെ ബാങ്കേഴ്സ് സമിതി
|ഉരുൾപൊട്ടൽ ബാധിത മേഖലയിൽ 3220 പേരാണ് വിവിധ ബാങ്കുകളിൽ നിന്നായി വായ്പയെടുത്തത്
തിരുവനന്തപുരം: വയനാട്ടിലെ ദുരിതബാധിതരുടെ വായ്പകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവെച്ച ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കാതെ സംസ്ഥാനതല ബാങ്കേഴ്സ് സമിതി. എല്ലാ അംഗങ്ങളും മരിച്ച കുടുംബങ്ങളുടെയും കുടുംബനാഥനോ കുടുംബനാഥയോ മരിച്ച കുടുംബങ്ങളുടെയും വായ്പകൾ എഴുതിത്തള്ളാൻ ബാങ്കേഴ്സ് സമിതി അതാത് ബാങ്കുകളോട് നിർദേശിക്കും.
ദുരിത ബാധിതരുടെ മുഴുവൻ വായ്പകളും പൂർണമായി എഴുതിത്തള്ളണമെന്നായിരുന്നു മുഖ്യമന്ത്രി ഉന്നയിച്ച ആവശ്യം. എന്നാൽ ഈ ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കാൻ യോഗം തയ്യാറായില്ല. എല്ലാ അംഗങ്ങളും മരിച്ച കുടുംബങ്ങൾ, കുടുംബനാഥനോ കുടുംബനാഥയോ മരിച്ച കുടുംബങ്ങൾ എന്നിവരുടെ വായ്പ എഴുതിത്തള്ളണമെന്ന ശിപാർശയാണ് അതാത് ബാങ്കുകളുടെ ഡയറക്ടർ ബോർഡുകൾക്ക് മുന്നിൽ സമിതി മുന്നോട്ടുവെയ്ക്കുക. ബാക്കിയുള്ള വായ്പകൾക്ക് ഒരുവർഷത്തെ മൊറട്ടോറിയം ഏർപ്പെടുത്തി.
ഉരുൾപൊട്ടൽ ബാധിത മേഖലയിൽ 3220 പേരാണ് വിവിധ ബാങ്കുകളിൽ നിന്നായി വായ്പയെടുത്തത്. ഇത് 35 കോടി രൂപ വരും. ഇതിൽ കാർഷിക വായ്പകൾ തിരിച്ചടയ്ക്കാൻ അഞ്ചുവർഷത്തെ കാലാവധി നൽകും. അതിൽ ഒരു വർഷം മൊറട്ടോറിയമായിരിക്കും. വായ്പകളുമായി ബന്ധപ്പെട്ട കണക്കെടുപ്പ് ഈ വെള്ളിയാഴ്ചക്കകം പൂർത്തിയാക്കുമെന്നാണ് ബാങ്കേഴ്സ് സമിതി പറയുന്നത്.