ചാൻസലർ സ്ഥാനത്ത്‌നിന്ന് നീക്കുന്ന ബിൽ ഗവർണർക്ക് കൈമാറി
|ബില്ലിൽ തിരക്കിട്ടുള്ള നീക്കം ഗവർണറുടെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്ന് ഉറപ്പാണ്
തിരുവനന്തപുരം: ചാൻസലർ സ്ഥാനത്ത്‌നിന്ന് നീക്കുന്ന ബിൽ സംസ്ഥാന സർക്കാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. ഈ മാസം പതിമൂന്നിന് നിയമസഭ പാസാക്കിയ ബിൽ ഇന്നാണ് ഗവർണർക്ക് അയച്ചത്. ഒൻപത് ദിവസത്തിന് ശേഷം ബിൽ സർക്കാർ രാജ്ഭവന് കൈമാറുകയായിരുന്നു.
എന്നാൽ ഗവർണർ ഇപ്പോൾ സംസ്ഥാനത്ത് ഇല്ലെന്നും രണ്ടാം തീയതി രാജഭവനിലെത്തുമെന്നുമാണ് വിവരം. അദ്ദേഹം തിരിച്ചെത്തിയതിന് ശേഷമായിരിക്കും ബിൽ പരിഗണിക്കുക. ബിൽ കണ്ടിട്ടില്ലെന്നും ഇതു സംബന്ധിച്ച കാര്യങ്ങൾ രാഷ്ട്രപതിയെ അറിയിക്കുമെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു.
ഓർഡിനൻസ് അദ്ദേഹം രാഷ്ട്രപതി ദ്രൗപദി മുർമുവിന് അയക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഗവർണറുടെ ചാൻസലർ പദവി നീക്കുന്ന ബില്ല് ആയതുകൊണ്ടു തന്നെ അദ്ദേഹത്തിന് രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയക്കാൻ സാധിക്കും. അദ്ദേഹം ബില്ലിൽ ഒപ്പിടാതെയും വിഷയത്തിൽ തീരുമാനമെടുക്കാതെയും നീട്ടിക്കൊണ്ടു പോവാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. നിയമോപദേശം തേടിയ ശേഷം തുടർനടപടി സ്വീകരിക്കാനായിരിക്കും ഗവർണറുടെ തീരുമാനം. ബില്ലിൽ തിരക്കിട്ടുള്ള നീക്കം ഗവർണറുടെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്ന് ഉറപ്പാണ്.