മലയാളി ജവാൻ എച്ച്.വൈശാഖിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിക്കും
|24 കാരനായ വൈശാഖിന്‍റെ സ്വപ്നമായിരുന്ന വീട് യാഥാർഥ്യമായത് 6 മാസങ്ങൾക്ക് മുമ്പാണ്
ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ എച്ച് വൈശാഖിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിക്കും. കൊല്ലം കൊട്ടാരക്കര കുടവട്ടൂർ സ്വദേശിയാണ്. പൂഞ്ചിലെ സേവനം അവസാനിക്കാന്‍ രണ്ടു മാസം മാത്രം ബാക്കിയുളളപ്പോഴാണ് വീരമൃത്യു.
നാട്ടുകാർക്കും വീട്ടുകാർക്കും പ്രിയപ്പെട്ടവനായിരുന്നു വീരമൃത്യു വരിച്ച ജവാൻ എച്ച് വൈശാഖ്. കുടവട്ടൂർ വിശാഖത്തിൽ ഹരികുമാർ ബീന ദമ്പതികളുടെ മൂത്ത മകനാണ് അദ്ദേഹം. 24 കാരനായ വൈശാഖിന്‍റെ സ്വപ്നമായിരുന്ന വീട് യാഥാർഥ്യമായത് 6 മാസങ്ങൾക്ക് മുമ്പാണ്. വൈശാഖ് 2 മാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്.
അഞ്ച് വർഷം മുമ്പാണ് ഇന്ത്യൻ ആർമിയിലെ മെക്കനൈസ് ഇൻഫെൻ്ററി റെജിമെൻ്റിൽ വൈശാഖ് ജോലിയിൽ പ്രവേശിച്ചത്. ഭീകരർ ഒളിച്ചിരുപ്പുണ്ടെന്ന വിവരത്തെ തുടർന്ന് പൂഞ്ച് ജില്ലയിലെ സുരൻഖോട്ട് മേഖലയിലെ ഗ്രാമങ്ങളിൽ നടത്തിയ തിരച്ചിലിനിടയാണ് ഏറ്റുമുട്ടൽ ഉണ്ടായതും വൈശാഖ് അടക്കം അഞ്ച് സൈനികർ വീരമൃത്യു വരിച്ചതും. ഇന്നലെ വൈകിട്ടോടെയാണ് മരണവിവരം സംബന്ധിച്ച് വീട്ടുകാർക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്. ഡിഗ്രി വിദ്യാർത്ഥിനിയായ ശില്പയാണ് വൈശാഖിൻ്റെ ഏക സഹോദരി.