ഖത്തറിൽ മരിച്ച മിന്‍സയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
|മൃതദേഹം ഇന്നലെ ഖത്തറിൽ പൊതുദർശനത്തിന് വച്ചിരുന്നു.
ദോഹ: ഖത്തറില്‍ സ്കൂള്‍ ബസില്‍ ശ്വാസം മുട്ടി മരിച്ച നാലു വയസുകാരി മിന്‍സയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കോട്ടയം ചിങ്ങവനം സ്വദേശി അഭിലാഷ് ചാക്കോ- സൗമ്യ ദമ്പതികളുടെ മകളാണ് മിന്‍സ.
മൃതദേഹം ഇന്നലെ ഖത്തറിൽ പൊതുദർശനത്തിന് വച്ചിരുന്നു. ഇന്ത്യൻ അംബാസഡർ ഡോക്ടർ ദീകപ് മിത്തലും വിവിധ കമ്യൂണിറ്റി നേതാക്കളും മിൻസയ്ക്ക് അന്തിമോപചാരം അർപ്പിച്ചിരുന്നു.
അതേസമയം, മിൻസയുടെ മരണത്തിൽ സ്കൂൾ ജീവനക്കാർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് നഴ്സറി സ്കൂളിനെതിരെ സർക്കാർ നടപടി സ്വീകരിച്ചു. കുട്ടി പഠിച്ച സ്പ്രിങ് ഫീൽഡ് ഇന്റർനാഷണൽ സ്കൂൾ സർക്കാർ അടച്ചുപൂട്ടി.
ഏറ്റവും കടുത്ത ശിക്ഷതന്നെ നൽകുന്നതായി വിദ്യാഭ്യാസ മന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി. ഞായാറാഴ്ചയാണ് സ്കൂളിലേക്ക് പുറപ്പെട്ട മിൻസ ദാരുണമായി മരണമടഞ്ഞത്. കെ.ജി വൺ വിദ്യാർഥിയായിരുന്നു. കുട്ടി ബസിലിരുന്ന് ഉറങ്ങുന്നത് ശ്രദ്ധിക്കാതെ മറ്റു കുട്ടികളെ സ്കൂളിൽ ഇറക്കിയ ശേഷം ജീവനക്കാർ ബസ് ലോക്ക് ചെയ്യുകയായിരുന്നു.
കടുത്ത ചൂടും വായുസഞ്ചാരമില്ലാത്ത സാഹചര്യവുമായതോടെ കുട്ടി ശ്വാസം മുട്ടി മരിക്കുകയായിരുന്നു. ഉച്ചയ്ക്ക് കുട്ടികളെ വീട്ടിൽ എത്തിക്കാൻ ബസ് എടുത്തപ്പോഴാണ് മിൻസയെ ബസിനുള്ളിൽ അബോധാവസ്ഥയിൽ കാണുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.