ഞങ്ങള്‍ക്കൊന്നും വേണ്ട; വധുവിന്റെ വീട്ടുകാര്‍ക്ക് 50 പവന് തിരിച്ചുനല്‍കി വരന്
|സ്ത്രീധനത്തിന്റെ പേരില്‍ ആത്മഹത്യകളും പീഡനങ്ങളും തുടര്‍ക്കഥയാകുമ്പോള്‍ സമൂഹത്തിന് മാതൃകയായി ഒരു വിവാഹം
സ്ത്രീധനത്തിന്റെ പേരില്‍ ആത്മഹത്യകളും പീഡനങ്ങളും തുടര്‍ക്കഥയാകുമ്പോള്‍ സമൂഹത്തിന് മാതൃകയായി ഒരു വിവാഹം. വധുവിന് പെണ്‍വീട്ടുകാര്‍ നല്കിയ സ്വര്‍ണം തിരിച്ചുനല്‍കിയാണ് ആലപ്പുഴ പണയില്‍ നടന്ന വിവാഹം വ്യത്യസ്തമായത്.
വ്യാഴാഴ്ച പണയിൽ ദേവീക്ഷേത്രത്തില്‍ വച്ചായിരുന്നു നൂറനാട് പള്ളിക്കൽ ഹരിഹരാലയത്തിൽ കെ.വി. സത്യൻ- ജി. സരസ്വതി ദമ്പതിമാരുടെ മകൻ സതീഷ് സത്യനും നൂറനാട് പണയിൽ ഹരിമംഗലത്ത് പടീറ്റതിൽ ആർ. രാജേന്ദ്രൻ-പി. ഷീല ദമ്പതിമാരുടെ മകള്‍ ശ്രുതിരാജുമായുള്ള വിവാഹം.
പതിവ് പോലെ സ്വർണാഭരണങ്ങൾ അണിഞ്ഞാണ് വധു എത്തിയത്. എന്നാൽ വിവാഹശേഷം സമ്മാനമായി നൽകിയ 50 പവന് സ്വർണം എസ്എൻഡിപി ശാഖായോഗം ഭാരവാഹികളുടെ സാന്നിധ്യത്തിൽ വധുവിന്റെ മാതാപിതാക്കൾക്കു കൈമാറുകയായിരുന്നു. നാദസ്വര കലാകാരനാണ് 28 കാരനായ സതീഷ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടന്ന വിവാഹത്തിൽ വരന്റെയും വധുവിന്റെയും ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു പങ്കെടുത്തത്.