Kerala
all Med.Colleges, Guidelines , for the safety of doctors, attack against doctors, latest malayalam news
Kerala

ആശുപത്രി സംരക്ഷണ ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി

Web Desk
|
17 May 2023 5:01 AM GMT

പരമാവധി ശിക്ഷ ഏഴ് വർഷം തടവും അഞ്ചു ലക്ഷം രൂപ പിഴയുമായിരിക്കും

തിരുവനന്തപുരം: ആശുപത്രി സംരക്ഷണ ഓർഡിനൻസിനു മന്ത്രിസഭാ അംഗീകാരം നൽകി. ആരോഗ്യ പ്രവർത്തകർക്ക് എതിരായ അതിക്രമത്തിൽ പ്രതികള്‍ക്ക് കർശന ശിക്ഷ നൽകും. ഏഴ് വർഷം തടവ് പരമാവധി ശിക്ഷയാക്കും. ഏറ്റവും കുറഞ്ഞ ശിക്ഷ ആറ് മാസമായിരിക്കും. ഡോ.വന്ദനയുടെ മരണത്തിന് പിന്നാലെയാണ് അടിയന്തിരമായി ഓർഡിനൻസ് ഇറക്കിയത്. ആരോഗ്യപ്രവര്‍ത്തകരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഓര്‍ഡിനന്‍സ് തയ്യാറാക്കിയത്.

2012 ലെ നിയമപ്രകാരം അക്രമികള്‍ക്ക് മൂന്ന് വർഷം വരെ തടവും 50000 രൂപ പിഴയുമാണ് ഈടാക്കിയിരുന്നത്. പുതിയ ഓർഡിനൻസ് അനുസരിച്ച് അഞ്ചു ലക്ഷം വരെ പിഴ ഈടാക്കാം. ആരോഗ്യപ്രവർത്തകർക്ക് എതിരായ അധിക്ഷേപങ്ങളും കുറ്റകൃത്യമായി കണക്കാക്കും. ഡോക്ടര്‍മാര്‍,നഴ്സുമാര്‍,മെഡിക്കല്‍,നഴ്സിങ് വിദ്യാര്‍ഥികള്‍,പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് പുറമെ ആശുപത്രിയിലെ സുരക്ഷാജീവനക്കാരേയും മിനസ്റ്റീരിയല്‍ ജീവനക്കാരേയും ആരോഗ്യപ്രവര്‍ത്തകരാക്കി കണക്കാക്കും. ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിക്കുന്നവരില്‍ നിന്ന് ഇരട്ടി നഷ്ടപരിഹാരം ഈടാക്കാനും നല്‍കാത്തവരില്‍ നിന്ന് റവന്യു റിക്കവറി വഴി പണം ഈടാക്കാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ഉണ്ട്. അക്രമം നടന്ന് ഒരു മണിക്കൂറിനകംഎഫ്ഐആര്‍ , ഒരു മാസത്തിനകം കുറ്റപത്രം, ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കി കുറ്റക്കാരെ ശിക്ഷിക്കുക എന്നീ നിര്‍ദേശങ്ങള്‍ നേരത്തേ സര്‍ക്കാര്‍ അംഗീകരിച്ചതാണ്.

2012ലെ ആശുപത്രി സംരക്ഷണനിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയാണ് ഓര്‍ഡിനന്‍സ് മന്ത്രിസഭയുടെ പരിഗണിച്ചത്. ഓർഡിനൻസിൽ പരാതി ഉണ്ടെങ്കിൽ നിയമ സഭാ സമ്മേളനത്തിൽ സർക്കാർ ഔദ്യോഗിക ഭേദഗതി ആയി തന്നെ മാറ്റം കൊണ്ട് വരും. ഡോക്ടർമാരുടെ കാലങ്ങൾ ആയുള്ള ആവശ്യമായിരുന്നു ഓർസിനൻസ്‌.

ആരോഗ്യസംഘടനാപ്രതിനിധികളുടെ നിര്‍ദേശങ്ങളും പരിഗണിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറിയും ഡയറക്ടറും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ചേര്‍ന്നാണ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ക്ക് അന്തിര രൂപം നല്‍കിയത്. വ്യവസ്ഥകളിലെ നിയമപരിശോധന പൂര്‍ത്തിയാക്കി ഇന്നലെ നിയമസെക്രട്ടറി ഫയല്‍ ആരോഗ്യവകുപ്പിലേക്ക് തിരിച്ചയച്ചു.

Similar Posts