റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയ വൈദ്യുതി വാങ്ങൽ കരാറുകൾക്ക് മന്ത്രിസഭ സാധൂകരണം നൽകി
|ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് തീരുമാനം
തിരുവനന്തപുരം: റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയ വൈദ്യുതി വാങ്ങൽ കരാറുകൾക്ക് മന്ത്രിസഭ സാധൂകരണം നൽകി. റെഗുലേറ്ററി കമ്മീഷൻ പിശകുകൾ ചൂണ്ടിക്കാണിച്ച് റദ്ദാക്കിയ കരാറിനാണ് സാധൂകരണം നൽകിയത്. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് തീരുമാനം. പുതിയ ടെൻഡർ വിളിച്ചാൽ ഉയർന്ന വില നൽകേണ്ടി വരുമെന്നതിനാൽ റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയ കരാറുകൾക്ക് സാധൂകരണം നൽകുന്നതാണ് ഉചിതം എന്നും മന്ത്രിസഭ യോഗം വിലയിരുത്തി.
കഴിഞ്ഞ മെയ് മാസത്തിലാണ് റെഗുലേറ്ററി കമ്മീഷൻ 465 മെഗാ വാട്ട് വൈദ്യുത കരാറുകൾ റദ്ദാക്കിയത്. ആര്യാടൻ മുഹമ്മദിന്റെ കാലത്താണ് ഈ കരാറുകളിൽ ഒപ്പു വെക്കുന്നത്. നടപടികൾ പാലിക്കാതെയാണ് കരാറുകൾ കൊണ്ടു വന്നതെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് റെഗുലേറ്ററി കമ്മീഷൻ കരാർ റദ്ദാക്കിയത്. മഴ കുറയുകയും വൈദ്യുതി പ്രതിസന്ധി നേരിടേണ്ടി വരികയും ചെയ്ത പശ്ചാത്തലത്തിലാണ് ദീർഘകാല വൈദ്യുത കരാർ പുനഃസ്ഥാപിക്കണമെന്ന ആവശ്യം സംസ്ഥാന സർക്കാരിന്റെ മുന്നിലേക്ക് വരുന്നത്.
മന്ത്രി സഭയുടെ പ്രത്യേക അധികാരം ഉപയോഗിച്ചു കൊണ്ടാണ് പുനസ്ഥാപിക്കാൻ വേണ്ടിയുള്ള ചീഫ് സെക്രട്ടിറിയുടെ റിപ്പോർട്ടിന്മേലാണ് കരാറിന് സാധൂകരണം നൽകുന്നത്. മന്ത്രി സഭായോഗം സാധുകരണം നൽകിയെങ്കിലും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് റെഗുലേറ്ററി കമ്മീഷനാണ്. മൂന്ന് കമ്പനികളാണ് 465 മെഗാവാട്ട് നൽകി വന്നത്. 115 മെഗാവാട്ട് 4 രുപ 11 പൈസക്കും 309 മെഗാവാട്ട് 4 രുപ 29 പൈസക്കുമായിരുന്നു ഈ കമ്പനികൾ നൽകിയിരുന്നത്. പുതിയ ടെൻഡറുകളിൽ 7 രുപ 80 പൈസ മുതൽ 8രുപ 88 വരെയാണ് കമ്പികൾ ആവശ്യപ്പെടുന്നത്. എന്നാൽ ഈ കമ്പനികൾ റദ്ദാക്കിയ സമയത്തെ നിരക്കിൽ വൈദ്യുതി നൽകുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തയുണ്ടായിട്ടില്ല.