Kerala
കേസിനെ നിയമപരമായി നേരിടും; പരാതിയിൽ പറയുന്ന കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ഹക്കീം ഫൈസി
Kerala

കേസിനെ നിയമപരമായി നേരിടും; പരാതിയിൽ പറയുന്ന കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ഹക്കീം ഫൈസി

Web Desk
|
6 Dec 2022 1:14 PM GMT

മുസ്‌ലിംകൾ ഒരുപാട് അസ്തിത്വ പ്രതിസന്ധികളും ഭീഷണികളും നേരിടുന്ന കാലത്ത് കൊച്ചുകൊച്ചു കാര്യങ്ങൾ ഉന്നയിക്കുക, അതിനൊക്കെ പൊലീസിനെ ഉപയോഗിക്കുക എന്നൊക്കെയുള്ളത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല.

മലപ്പുറം: സമസ്തയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിനെ നിയമപരമായി നേരിടുമെന്ന് സി.ഐ.സി കോഡിനേറ്റർ ഹക്കീം ഫൈസി ആദൃശേരി. പൊലീസിനും കോടതിക്കും മുന്നിൽ തന്റെ നിരപരാധിത്വം തെളിയിക്കും. പരാതിയിൽ പറയുന്നതൊന്നും താൻ ചെയ്തിട്ടില്ലെന്നും ഇത്തരമൊരു കേസെടുക്കാൻ കാരണമായ കാര്യങ്ങളൊന്നും തന്നിൽ നിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

കലാപത്തിന് ആഹ്വാനം ചെയ്തുവെന്നൊക്കെയാണ് പറയുന്നത്. തനിക്കത് തീരെ പരിചയമില്ലാത്ത കാര്യമാണ്. തനിക്കെതിരെ കുറെ കാലമായി ചിലർ പ്രവർത്തിക്കുന്നുണ്ടെന്നും ഹക്കീം ഫൈസി വ്യക്തമാക്കി. സമസ്ത നേതാക്കളെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ തേഞ്ഞിപ്പലം പൊലീസ് കഴിഞ്ഞ ദിവസം ഹക്കീം ഫൈസിക്കെതിരെ കേസെടുത്തിരുന്നു.

പൊതുവെ തനിക്ക് സോഷ്യൽമീഡിയ ഉപയോഗം കുറവാണ്. ഉമ്മർകോയ എന്ന പ്രൊഫൈലിൽ നിന്നുള്ള ചില എഴുത്തുകൾ വായിച്ചിട്ടുണ്ട്. ആരൊക്കെ അത് വായിക്കുന്നു, ഷെയർ ചെയ്യുന്നു, ആരാണ് അതിനു പിന്നിലെന്നൊന്നും അറിയില്ല. അതിൽ പറയുന്ന കാര്യങ്ങളൊന്നും സ്വീകാര്യമല്ല. സോഷ്യൽമീഡിയ ദുരുപയോഗം ചെയ്ത് സമൂഹത്തിൽ ചർച്ച മാത്രമുണ്ടാക്കാനും പരിഹാരം ഉണ്ടാക്കാതിരിക്കാനുമേ ഇതൊക്കെ ഉപകരിക്കൂ. അതിനൊട്ടും താൽപര്യമില്ല. അദ്ദേഹം ഞാൻ പറഞ്ഞാൽ കേൾക്കുന്ന ആളാണെങ്കിൽ അതിൽ നിന്ന് നിരുത്സാഹപ്പെടുത്താൻ ശ്രമിക്കും.

പറയുന്ന കാര്യങ്ങൾ സത്യമാണെങ്കിലും അസത്യമാണെങ്കിലും അത് സമൂഹത്തിൽ ചർച്ചയാക്കുമ്പോൾ അതിന്റെ പരിണിതഫലം എന്താവുമെന്ന് ആലോചിച്ചിട്ട് വേണ്ടേ ചെയ്യാൻ. ചർച്ചയുണ്ടാക്കുന്ന ആളുടെ കൈയിൽ മതിയായ രേഖകളുണ്ടെങ്കിലും ഇവിടെ നിയമസംവിധാനങ്ങളുണ്ടല്ലോ. അതാണ് വേണ്ടത്. ഇതൊക്കെ സമൂഹത്തിന്റെ സ്വസ്ഥത കെടുത്തുന്ന കാര്യങ്ങളാണ്.

കാൽനൂറ്റാണ്ടു കാലമായി തന്നെ ചിലർ പിന്തുടരുന്നുണ്ട്. താൻ കൂടി പങ്കെടുത്ത് നടത്തുന്ന ചില കാര്യങ്ങൾ സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നുണ്ട്. അതിൽ സന്തോഷമില്ലാത്ത ആളുകളുണ്ടാവും. ശൈലികൾ മാറണം. എന്നാൽ അങ്ങനെ ശൈലികൾ മാറരുതെന്ന് വിചാരിക്കുന്നവരുണ്ടാവും. ഇനി ശൈലികൾ മാറുകയോ സമൂഹത്തിൽ മാറ്റങ്ങളുണ്ടാവുകയോ ചെയ്യുകയാണെങ്കിൽ അത് തങ്ങൾ മൂലം വേണമെന്ന് വിചാരിക്കുന്ന ആളുകളുണ്ടാവും. വ്യക്തിവൈരാഗ്യങ്ങളുണ്ടാവാം. എന്താണെന്നറിയില്ല. എന്തായാലും കാൽനൂറ്റാണ്ടുകാലമായി വലിയ ഉപരോധങ്ങളും ശല്യങ്ങളും സഹിച്ച് മുന്നോട്ടുപോവുകയാണ്. ഇനിയും മുന്നോട്ടുപോവാനാണ് തീരുമാനം.

ഇത്തരം നടപടികളൊക്കെ ഒരു ഉയർന്ന സമൂഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന സമീപനങ്ങൾ അല്ല. മുസ്‌ലിംകൾ ഒരുപാട് അസ്തിത്വ പ്രതിസന്ധികളും ഭീഷണികളും നേരിടുന്ന കാലത്ത് കൊച്ചുകൊച്ചു കാര്യങ്ങൾ പരസ്പരം ഉന്നയിക്കുക, അതിനൊക്കെ പൊലീസിനെ ഉപയോഗിക്കുക എന്നൊക്കെയുള്ളത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസ് തന്നെ വിളിച്ചിട്ടില്ല. നിയമപരമായി പോവാൻ തന്നെയാണ് തീരുമാനം. ഒരു കോടതിക്കും തന്റെ ഭാഗത്തുനിന്നൊരു തെറ്റുണ്ടായി എന്ന് കണ്ടെത്താൻ കഴിയില്ല. കാരണം അത്തരമൊന്ന് തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കേസിൽ പേരുള്ള 12 പേരിൽ ചിലരെ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts