Kerala
കമ്പ്യൂട്ടറിനെ എതിർത്തവരാണ് സഭയെ വികസനവിരോധികളെന്ന് മുദ്ര കുത്തുന്നത്; കെ.റെയിലിൽ പരോക്ഷ വിമർശനവുമായി കത്തോലിക്കാ സഭ
Kerala

'കമ്പ്യൂട്ടറിനെ എതിർത്തവരാണ് സഭയെ വികസനവിരോധികളെന്ന് മുദ്ര കുത്തുന്നത്'; കെ.റെയിലിൽ പരോക്ഷ വിമർശനവുമായി കത്തോലിക്കാ സഭ

ijas
|
30 March 2022 3:22 AM GMT

'ചില ചോദ്യങ്ങള്‍ക്കു വ്യക്തമായ വിശദീകരണം ലഭിക്കാതെയും പൊതുജനത്തിന്‍റെ ആശങ്കകള്‍ ദുരീകരിക്കാതെയും കെ റെയില്‍ പ്രൊജക്ടിനെ അന്ധമായി പിന്തുണക്കാന്‍ കഴിയില്ല'

കെ റെയിൽ പദ്ധതിയിൽ സി.പി.എമ്മിനെതിരെ പരോക്ഷ വിമർശനവുമായി കത്തോലിക്കാ സഭ. സഭയെ വികസന വിരോധികൾ എന്ന് മുദ്ര കുത്തുന്നവർ ഒരു കാലത്ത് കമ്പ്യൂട്ടറിനെ എതിർത്തവരാണെന്നും വികസനത്തിനായി സഭ നിരവധി സംഭാവനകൾ നല്‍കിയിട്ടുണ്ടെന്നും ദീപിക പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ചില ചോദ്യങ്ങള്‍ക്കു വ്യക്തമായ വിശദീകരണം ലഭിക്കാതെയും പൊതുജനത്തിന്‍റെ ആശങ്കകള്‍ ദുരീകരിക്കാതെയും കെ റെയില്‍ പ്രൊജക്ടിനെ അന്ധമായി പിന്തുണക്കാന്‍ കഴിയില്ലെന്ന് സഭ വ്യക്തമാക്കി. സാമ്പത്തികവും സാമൂഹികവുമായ ആശങ്കകള്‍ ജനങ്ങള്‍ക്കിടയില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. പൗരന്മാര്‍ക്ക് കാര്യങ്ങള്‍ വിശദമാക്കി നല്‍കുവാനും അവരുടെ സംശയങ്ങള്‍ ദുരീകരിക്കുവാനും സര്‍ക്കാര്‍ അടിയനന്തരമായി നടപടികള്‍ സ്വീകരിക്കാത്തത് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ കുറിച്ച് സംശയം ജനിപ്പിക്കുന്നതായി ലേഖനം ചൂണ്ടിക്കാട്ടുന്നു.

പൊലീസിനെ രംഗത്തിറക്കി ബലം പ്രയോഗിച്ച് സ്വകാര്യ ഭൂമികളിലൂടെ നടത്തുന്ന സര്‍വേകളും കല്ല് സ്ഥാപിക്കലുമൊക്കെ ഈ നാട്ടിലെ പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാന്‍ കടപ്പെട്ടിരിക്കുന്ന സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നത് ആശങ്കാജനകമാണെന്ന് കെസിബിസിയുടെ ഐക്യജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ ദീപിക ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു.

ലേഖനത്തിന്‍റെ പൂർണ രൂപം:

വികസനം: കത്തോലിക്കാസഭയുടെ നിലപാട്

കെ-റെയിൽ സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, രണ്ടാം വിമോചന സമരത്തിനുള്ള നീക്കം, തീവ്രവാദ-നക്‌സലൈറ്റ് ബാന്ധവം, സർക്കാരിനെ അട്ടിമറിക്കാൻ രൂപപ്പെട്ട വിചിത്ര സഖ്യം തുടങ്ങിയ ആരോപണങ്ങൾ സർക്കാർതലങ്ങളിലൂടെയും ഭരണകക്ഷിയുടെ നേതാക്കന്മാരിലൂടെയും ആസൂത്രിതമായി പ്രചരിപ്പിക്കാൻ ശ്രമങ്ങൾ നടന്നുവരുന്ന സാഹചര്യത്തിൽ തന്നെയാണ് കേരള കത്തോലിക്കാ മെത്രാൻ സംഘം തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

മുമ്പേതന്നെ ചില രൂപതാധ്യക്ഷന്മാരും കെസിബിസി ഐക്യജാഗ്രതാ കമ്മീഷനും കെആർഎൽസിസിയും കെസിവൈഎം പോലുള്ള സംഘടനകളും പദ്ധതിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതിനെ പ്രതിരോധിക്കാനെന്നവണ്ണം കെ-റെയിൽ പദ്ധതിയുടെ ജനദ്രോഹനയങ്ങൾ വ്യക്തമാകാതിരുന്ന അതിന്റെ ആരംഭഘട്ടത്തിൽ ചില മെത്രാന്മാർ കെ-റെയിലിനെ അനുകൂലിച്ചു സംസാരിച്ച ദൃശ്യങ്ങളും മറ്റും പ്രചരിപ്പിച്ച് ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമങ്ങളുണ്ടായി.

ഇക്കാര്യങ്ങളിൽ കത്തോലിക്കാ സഭയ്ക്കകത്ത് വിരുദ്ധാഭിപ്രായങ്ങളാണെന്നും സഭയ്ക്കുള്ളത് വികസനവിരുദ്ധ നയങ്ങളാണെന്നുംവരെ ചിലർ സമർഥിക്കാൻ ശ്രമിക്കുകയുണ്ടായി. ഈ വിഷയത്തിൽ സഭ രണ്ടു തട്ടിലാണെന്ന് സ്ഥാപിക്കാനും അതുവഴി ചില മുതലെടുപ്പുകൾ നടത്താനുമായിരുന്നു അക്കൂട്ടരുടെ പരിശ്രമം. അത്തരം വാദങ്ങളെല്ലാം അപ്രസക്തമാണെന്ന് തെളിയിക്കുന്നതാണ് കെ-റെയിൽ വിവാദത്തിൽ കേരള കത്തോലിക്കാസഭ സ്വീകരിച്ചിരിക്കുന്ന നിലപാട്.

വേണ്ടത്ര പഠനങ്ങളുടെ പിൻബലത്തോടെയും ജനപിന്തുണയോടെയും വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ ലോകത്ത് എവിടെയും കത്തോലിക്കാസഭയ്ക്കു പൂർണ യോജിപ്പാണുള്ളത്. അത്തരം പദ്ധതികൾക്കായി നഷ്ടങ്ങൾ ഏറ്റെടുക്കുന്നതിലോ അതുമായി ഏതുവിധേനയും സഹകരിക്കുന്നതിലോ ഒരിക്കലും സഭ മടി കാണിച്ചിട്ടില്ല. കേരളത്തിൽ തന്നെ വികസന പ്രവർത്തനങ്ങൾക്കായി സഭ നല്കിയിട്ടുള്ള സംഭാവനകൾ എത്രയോ വലുതാണ്.

പതിറ്റാണ്ടുകൾക്കുമുമ്പ് തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെന്ററിനായി ദൈവാലയംതന്നെ വിട്ടുകൊടുത്തതും സമീപകാലത്ത് റോഡ് വികസനത്തിനായി കുരിശുപള്ളികൾ വിട്ടുകൊടുത്തതും ഉൾപ്പെടെയുള്ള നിരവധി മാതൃകകൾ നൽകുകയും വിശ്വാസികളെ അപ്രകാരം ആഹ്വാനം ചെയ്യുകയും ചെയ്യുന്ന സഭയെ വികസനവിരോധികളെന്നു മുദ്ര കുത്തുന്നവർ, ഒരുകാലത്ത് ട്രാക്ടറിനെയും കംപ്യൂട്ടറിനെയുമൊക്കെ എതിർത്ത ചരിത്രമുള്ളവരാണ് എന്നത് മറക്കരുത്.

ആർക്കും പ്രഥമദൃഷ്ട്യാ ഇന്നത്തെ കേരളത്തിന് ആവശ്യമെന്നു തോന്നാവുന്ന ഒന്നാണ് കെ-റെയിൽ - സിൽവർലൈൻ പദ്ധതി എന്നുള്ളതിൽ സംശയമില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവുമധികം യാത്രാദുരിതം അനുഭവപ്പെടുന്ന സംസ്ഥാനമായ കേരളത്തിന്റെ ഇപ്പോഴുള്ള അവസ്ഥയിൽ പൊറുതിമുട്ടുന്ന ആർക്കും ഇത്തരമൊരാശയം ആകർഷകമായി തോന്നും. അതേസമയം, മറ്റു ചില വസ്തുതകളും പശ്ചാത്തലങ്ങളും കൂടി പരിഗണിക്കുമ്പോൾ ഈ പദ്ധതിയെക്കുറിച്ച് ഒരുപാട് ചോദ്യങ്ങൾ ഉയരുന്നുണ്ട്. പദ്ധതിയുടെ വിശദാംശങ്ങളെക്കുറിച്ചും അതിന്റെ നടത്തിപ്പും പ്രായോഗികതയും സംബന്ധിച്ച സങ്കീർണതകളെക്കുറിച്ചും സാമ്പത്തികവും പാരിസ്ഥിതികവുമായ വിവിധ വശങ്ങളെക്കുറിച്ചും ആഴമായ പഠനങ്ങൾ ഇല്ലാത്തപക്ഷം ആർക്കും ഇത്തരമൊരു പദ്ധതിയോട് അനുകൂല മനഃസ്ഥിതി ഉണ്ടായേക്കാം. പ്രോജക്ടിന്റെ പക്ഷത്തുനിന്നു സംസാരിക്കുന്നവരുടെ വാദഗതികൾ മാത്രം കേട്ടാൽ എതിർപ്പുകൾ ഉന്നയിക്കുന്നവരുടെ ആരോപണങ്ങളിൽ കഴമ്പില്ല എന്ന് തോന്നിയേക്കാം. എങ്കിലും, സാമ്പത്തികവും പാരിസ്ഥിതികവും സാമൂഹികവുമായ ചില ഗുരുതര വിഷയങ്ങൾ ചർച്ചചെയ്യാതിരിക്കാനാവില്ല.

ഔദ്യോഗിക നിലപാടുകൾ

വാസ്തവത്തിൽ ഇത്തരം വിഷയങ്ങളിലെ സഭയുടെ നിലപാട് വളരെ വ്യക്തമാണ്. ജനനന്മയ്ക്ക് ഉപകരിക്കുന്നതും കാലഘട്ടത്തിന് ആവശ്യമായതുമായ ഏതുതരം വികസന പ്രവർത്തനങ്ങളെയും സ്വാഗതം ചെയ്യുന്ന നിലപാടാണ് സഭയ്ക്കുള്ളത്. പൊതുനന്മ എന്ന ആത്യന്തികലക്ഷ്യം, സാമൂഹ്യനീതിയുടെയും മനുഷ്യാവകാശങ്ങളുടെയും ശ്രദ്ധാപൂർവ്വകമായ സംരക്ഷണം, ഭാവിതലമുറയ്ക്ക് നല്കുന്ന പരിഗണന, പ്രകൃതിയോടുള്ള കരുതൽ തുടങ്ങിയ അടിസ്ഥാന തത്വങ്ങളിൽ ഉറപ്പിക്കപ്പെട്ട് നടപ്പിൽ വരുത്തുന്ന എല്ലാ വികസന പ്രവർത്തനങ്ങളെയും കത്തോലിക്കാസഭാ പ്രബോധനങ്ങൾ ശ്ലാഘിക്കുന്നുണ്ട്. ജനതകളുടെ പുരോഗതി, ആധുനിക ലോകത്തിലെ സുവിശേഷവത്കരണം (പോൾ ആറാമൻ പാപ്പാ), സാമൂഹിക പരിഗണനകൾ (ജോൺ പോൾ രണ്ടാമൻ പാപ്പാ), ദൈവം സ്‌നേഹമാകുന്നു (ബെനെഡിക്ട് പതിനാറാമാൻ പാപ്പാ), അങ്ങേയ്ക്ക് സ്തുതി (ഫ്രാൻസിസ് പാപ്പാ) തുടങ്ങിയ ചാക്രിക ലേഖനങ്ങളിലെല്ലാം ഈ ആശയം സ്പഷ്ടമാണ്. മനുഷ്യന്റെയും സമൂഹത്തിന്റെയും സമഗ്രമായ വികസനമാണ് കത്തോലിക്കാസഭയുടെ വികസനനയം എന്നു ചുരുക്കത്തിൽ പറയാവുന്നതാണ്. ഈ സമഗ്രതയിൽ വേർതിരിവുകളില്ലാതെ എല്ലാവരും പൂർണമായും ഗുണഭോക്താക്കളാകുന്ന സമീപനമാണ് സ്വീകരിക്കേണ്ടത് എന്ന കാര്യത്തിൽ സഭാ പ്രബോധനങ്ങൾ നിഷ്‌കർഷ പുലർത്തുന്നുണ്ട്.

കെ-റെയിൽ വിഷയത്തിൽ,ചില ചോദ്യങ്ങൾക്കു വ്യക്തമായ വിശദീകരണം ലഭിക്കാതെയും പൊതുജനത്തിന്റെ ആശങ്കകൾ ദൂരീകരിക്കാതെയും ഈ പ്രോജക്ടിനെ അന്ധമായി പിന്തുണയ്ക്കാൻ കഴിയില്ല എന്നതാണ് നിലവിൽ സഭ വ്യക്തമാക്കിയിരിക്കുന്ന നിലപാട്. സാമ്പത്തികവും സാമൂഹികവുമായ ആശങ്കകൾ ജനങ്ങൾക്കിടയിൽ ശക്തമായി നിലനിൽക്കുന്നുണ്ട്. പൗരന്മാർക്ക് കാര്യങ്ങൾ വിശദമാക്കി നൽകുവാനും അവരുടെ സംശയങ്ങൾ ദൂരീകരിക്കുവാനും സർക്കാർ അടിയന്തരമായി നടപടികൾ സ്വീകരിക്കാത്തത് ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ കുറിച്ച് സംശയം ജനിപ്പിക്കുന്നുണ്ട്. അതിനുപകരം, പൊലീസിനെ രംഗത്തിറക്കി ബലം പ്രയോഗിച്ച് സ്വകാര്യ ഭൂമികളിലൂടെ നടത്തുന്ന സർവേകളും കല്ല് സ്ഥാപിക്കലുമൊക്കെ ഈ നാട്ടിലെ പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുവാൻ കടപ്പെട്ടിരിക്കുന്ന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് ആശങ്കാജനകമാണ്.

പാരിസ്ഥിതിക പഠനങ്ങൾ ഉൾപ്പെടെയുള്ള പല നടപടിക്രമങ്ങളും ഇനിയും പൂർത്തിയാവുകയും ഇത്തരം വിഷയങ്ങളിൽ തൃപ്തികരമായ വിശദീകരണം കേരളസമൂഹത്തിന് ലഭിക്കുകയും ചെയ്യേണ്ടതുണ്ട്. റോഡ് വികസനം, പാർക്കിങ് സംവിധാനങ്ങൾ, തീരദേശ പരിപാലനം, വേസ്റ്റ് മാനേജ്‌മെന്റ്, കാടിറങ്ങുന്ന വന്യമൃഗങ്ങൾ കൃഷിക്കാർക്കു വരുത്തുന്ന ദ്രോഹങ്ങൾ, ആരോഗ്യ പരിപാലനം, കുടിവെള്ള ലഭ്യത, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി അടിസ്ഥാന വികസനത്തിന്റെ നിരവധി മേഖലകൾ അടിയന്തരസ്വഭാവത്തോടെ സർക്കാരിന് മുന്പിൽ ഉള്ളപ്പോളാണ് ജനസാന്ദ്രതയേറിയ ഈ നാട്ടിൽ ബലപ്രയോഗത്തിലൂടെ വികസനമെന്ന പേരിൽ കിരാതനടപടികൾക്ക് സർക്കാർ തുനിയുന്നത് എന്നത് വിരോധാഭാസമാണ്.

മുന്നനുഭവങ്ങളുടെ വെളിച്ചത്തിൽ കടുത്ത ആശങ്കകളിൽ അകപ്പെട്ടിരിക്കുന്ന സാധാരണക്കാരായ ജനങ്ങളുടെ ഭീതി സർക്കാർ ഗൗരവമായെടുത്തേ മതിയാവൂ. കെ-റെയിൽ പദ്ധതിയുടെ പേരിൽ കുടിയിറക്ക് ഭീഷണി നേരിടുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ ഇന്ന് കേരളത്തിലുണ്ട്. അവരുടെ ആശങ്കകൾ പരിഹരിക്കുന്നതിനുപകരം ബലപ്രയോഗം നടത്തി അടിച്ചമർത്തുന്ന രീതി ആശാസ്യമല്ല. സാമ്പത്തികമായി വലിയ തകർച്ചയിലേക്കു സംസ്ഥാനം നീങ്ങുന്നു എന്ന മുന്നറിയിപ്പ് സിഎജിയും നിരവധി സാമ്പത്തിക വിദഗ്ധരും നൽകിയിട്ടുള്ളതാണ്.

ഇത്തരമൊരു സാഹചര്യത്തിൽ മറ്റ് അടിസ്ഥാന ആവശ്യങ്ങൾ പോലും മാറ്റിവച്ച് ഭീമമായ തുക വായ്പയെടുത്ത് കെ-റെയിൽ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചാൽ വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയുണ്ട്. നിലവിലുള്ള റെയിൽവേ പാതയും റെയിൽവേ ഭൂമിയും പരമാവധി ഉപയോഗിച്ചുകൊണ്ടും, പദ്ധതിച്ചെലവ് പരമാവധി കുറച്ചുകൊണ്ടുമുള്ള ഹൈസ്പീഡ് ട്രെയിൻ സർവീസുകൾ ഉൾപ്പെടെയുള്ള ഗതാഗത സാധ്യതകളെക്കുറിച്ചു പഠിക്കാനും കനത്ത ബാധ്യതകൾ ഒഴിവാക്കി ഇത്തരം പദ്ധതികൾ ആസൂത്രണം ചെയ്യാനുള്ള ശ്രമങ്ങൾ നടത്താനും സർക്കാർ തയാറാകണം.

മറ്റു പല വിഷയങ്ങളിലുമെന്നതുപോലെ ഈ സാഹചര്യത്തിലും, വിവിധ രാഷ്ട്രീയ അനുഭാവികളുടെ നേതൃത്വത്തിൽ ചേരിതിരിഞ്ഞുള്ള വാഗ്വാദങ്ങൾ സമൂഹത്തിലും സമൂഹമാധ്യമങ്ങളിലും മുഖ്യധാരാമാധ്യമ ചർച്ചകളിലും പ്രകടമാണ്. രണ്ടിൽ ഏത് അഭിപ്രായം ആരുപറഞ്ഞാലും അയാൾ ആ പക്ഷത്തുനിൽക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ ആളാണ് എന്ന് സ്ഥാപിച്ച് രാഷ്ട്രീയമായി നേരിടാനുള്ള ശ്രമങ്ങളുണ്ട്. അതുപോലെതന്നെ, അപ്രതീക്ഷിതമായി വീണുകിട്ടുന്ന വാചകങ്ങളെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കാനുള്ള നീക്കങ്ങളും കാണാം. ഇക്കാര്യത്തിലും മറ്റെല്ലാ സാമൂഹിക വിഷയങ്ങളിലും സഭയ്ക്ക് സാധാരണക്കാരായ മനുഷ്യരുടെയും രാഷ്ട്രത്തിന്റെ നന്മയുടെയും പക്ഷം മാത്രമേയുള്ളൂ. മറ്റുള്ള വ്യാഖ്യാനങ്ങളും പ്രചാരണങ്ങളും തീർത്തും അടിസ്ഥാനരഹിതവും അപ്രസക്തവുമാണ്.

ഡോ. മൈക്കിൾ പുളിക്കൽ

Similar Posts