"കേന്ദ്രത്തിലേത് ഫാഷിസ്റ്റ് ഭരണകൂടമല്ല, ഏതുനിമിഷവും അങ്ങനെയായി മാറാം": എം.എ ബേബി
|"യഥാര്‍ത്ഥ ഫാഷിസമാണ് ഇന്ത്യയിലുള്ളതെങ്കില്‍ ഇങ്ങനെ സംസാരിക്കാനോ റെക്കോര്‍ഡ് ചെയ്യാനോ ടെലിവിഷന്‍ ചാനലില്‍ സംപ്രേഷണം ചെയ്യാനോ കഴിയില്ല"
കേന്ദ്രത്തിലേത് ഫാഷിസ്റ്റ് ഭരണകൂടമല്ലെന്നും ഏതുനിമിഷവും അങ്ങനെയായി മാറാവുന്ന ഭരണമാണെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. യഥാര്‍ത്ഥ ഫാഷിസമാണ് ഇന്ത്യയിലുള്ളതെങ്കില്‍ ഇങ്ങനെ സംസാരിക്കാനോ റെക്കോര്‍ഡ് ചെയ്യാനോ ടെലിവിഷന്‍ ചാനലില്‍ സംപ്രേഷണം ചെയ്യാനോ കഴിയില്ല. ഇങ്ങനെയാണെങ്കിലും ഏത് നിമിഷവു ഒരു ഫാഷിസ്റ്റ് ഭരണകൂടമായി മാറാവുന്ന വക്കിലെത്തി നില്‍ക്കുന്നതാണ് നരേന്ദ്ര മോദിയുടെ ഭരണമെന്ന് എം.എ ബേബി പറഞ്ഞു.
സിപിഎമ്മിനെയും ഇടതുപക്ഷ മതേതര ശക്തികളെയും സംബന്ധിച്ചിടത്തോളം രാജ്യത്തിന് മുന്നിലുള്ള ഏറ്റവും വലിയ ആപത്തിനെതിരായി ഏറ്റവും വിശാലമായ ജനാധിപത്യ സമര പ്രസ്ഥാനം വളര്‍ത്തിയെടുക്കുന്നതില്‍ ഒരിക്കലും മടിയുണ്ടായിട്ടില്ല. ഇന്നിപ്പോള്‍ ഫാഷിസ്റ്റ് ആര്.എസ്.എസ് നിയന്ത്രിക്കുന്ന മോദി ഭരണത്തെ നിഷ്കാസനം ചെയ്യാനുള്ള പോരാട്ടം പല തലങ്ങളില്‍ നടക്കണമെന്നാണ് ഞങ്ങളുടെ ആലോചനകളില്‍ എത്തിചേര്‍ന്നിരിക്കുന്ന ഒറ്റ കാര്യമെന്നും എം.എ ബേബി പറഞ്ഞു. സി.പി.എം സെമിനാറില്‍ കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് പങ്കെടുക്കുമോയെന്ന കാര്യത്തില്‍ ഉടന്‍ വിവരമറിയാമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി പ്രതിനിധി സമ്മേളനം തുടങ്ങി
സിപിഎം പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിന് ഇന്ന് കണ്ണൂരിൽ തുടക്കം. നായനാർ അക്കാദമിയിൽ മുതിർന്ന നേതാവായ എസ്. രാമചന്ദ്രൻപിള്ള പാർട്ടി പതാക ഉയർത്തി. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ സി.പി.എം അടിത്തറ ശക്തിപ്പെടുത്തണമെന്ന് എസ്. രാമചന്ദ്രൻപിള്ള പറഞ്ഞു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഘടനാ റിപ്പോർട്ട് പ്രകാശ് കാരാട്ട് അവതരിപ്പിക്കും. 811 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. തെരഞ്ഞെടുപ്പ് സഖ്യവും കോൺഗ്രസ് പാർട്ടിയോടുള്ള സമീപനവും തീരുമാനിക്കുന്ന രാഷ്ട്രീയ പ്രമേയത്തിലും നിർണായക ചർച്ചകൾ നടക്കും.
കോൺഗ്രസുമായി സഖ്യം രൂപീകരിച്ച് ബിജെപിക്കെതിരെ ബദൽ രൂപീകരിക്കണമെന്ന നിലപാട് സിപിഎമ്മിനില്ല. പ്രാദേശിക പാർട്ടികളുമായി ചേർന്ന് കൂട്ടുകെട്ട് ഉണ്ടാക്കി ഇടത് മതേതര ബദൽ രൂപീകരിക്കണമെന്നാണ് കരട് രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നത്. കാര്യമായ ഭേദഗതികളില്ലാതെ പ്രമേയം പാർട്ടി കോൺഗ്രസ് അംഗീകരിച്ചേക്കും. കെ റെയിലുമായി ബന്ധപ്പെട്ട ചർച്ചകളും യോഗത്തിൽ ഉയർന്ന് വരാൻ സാധ്യതയുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ വിമർശനം ഉന്നയിച്ചാൽ കേരളത്തിൽ നിന്ന് ചർച്ചയിൽ പങ്കെടുക്കുന്നവർ മറുപടി നൽകും. പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും പുതുമുഖങ്ങൾ വന്നേക്കും.