പൂരം കലക്കലിൽ തുടരന്വേഷണത്തിന്‍റെ സൂചന നൽകി മുഖ്യമന്ത്രി
|എഡിജിപിയുടെ റിപ്പോർട്ട് ഡിജിപിയുടെ ശിപാർശയോടെ ലഭിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി
തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ തുടരന്വേഷണത്തിന്‍റെ സൂചന നൽകി മുഖ്യമന്ത്രി. എഡിജിപിയുടെ റിപ്പോർട്ട് ഡിജിപിയുടെ ശിപാർശയോടുകൂടി ലഭിച്ചു എന്ന് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു.ആഭ്യന്തര സെക്രട്ടറിയുടെ നിലപാടറിഞ്ഞശേഷം തുടർ നടപടി സ്വീകരിക്കാമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
പൂരം കലക്കലിൽ സിറ്റി പോലീസ് കമ്മീഷണർ ആയിരുന്ന അങ്കിത്ത് അശോകിനേയും തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളേയും കുറ്റപ്പെടുത്തിയാണ് എഡിജിപി എം.ആർ അജിത് കുമാർ റിപ്പോർട്ട് തയ്യാറാക്കിയത്. സംസ്ഥാന പൊലീസ് മേധാവിക്ക് കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് നൽകിയത്. ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ് എം.ആർ അജിത് കുമാറിനെ കുറ്റപ്പെടുത്തിയുള്ള കുറിപ്പ് സഹിതമാണ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്.
ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചു. എഡിജിപിയുടെ റിപ്പോർട്ട് ഡിജിപിയുടെ കുറിപ്പോടെ ലഭിച്ചുവെന്നും ആഭ്യന്തര സെക്രട്ടറി ഇത് പരിശോധിച്ച് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തര സെക്രട്ടറിയുടെ നിലപാട് കൂടി അറിഞ്ഞശേഷം തുടർ തീരുമാനമെടുക്കാം എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. അജിത് കുമാർ തയ്യാറാക്കിയ റിപ്പോർട്ടിൽ സിപിഐക്ക് പൂർണ്ണ തൃപ്തി ഇല്ലാത്തതുകൊണ്ട് തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് ചുമതലപ്പെടുത്തിയേക്കും എന്ന് സൂചനയുണ്ട്.