Kerala
മുഖ്യമന്ത്രിയുടെ വിദേശയാത്ര, സോഷ്യൽ മീഡിയ ടീമിന്റെ ചെലവുകൾ;  നിയമസഭയിൽ പിണറായി വിജയന് ‘ഉത്തരം മുട്ടിയ’ 25​ ചോദ്യങ്ങൾ
Kerala

മുഖ്യമന്ത്രിയുടെ വിദേശയാത്ര, സോഷ്യൽ മീഡിയ ടീമിന്റെ ചെലവുകൾ; നിയമസഭയിൽ പിണറായി വിജയന് ‘ഉത്തരം മുട്ടിയ’ 25​ ചോദ്യങ്ങൾ

അനസ് അസീന്‍
|
26 July 2024 1:39 PM GMT

വിവിധ എം.എൽ.എമാരുടെ ചോദ്യങ്ങൾക്കാണ് ഒരുമാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി മറുപടി നൽകാതിരിക്കുന്നത്

തിരുവനന്തപുരം: വിദേശയാത്ര, സോഷ്യൽ മീഡിയ ടീമിന്റെ ചെലവുകൾ, ദുരിതാശ്വാസ നിധിയുടെ കണക്കുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിയമസഭയിൽ എം.എൽ.എമാർ ഉന്നയിച്ച​ ചോദ്യങ്ങൾക്ക് ഒരു മാസം കഴിഞ്ഞിട്ടും മറുപടി നൽകാതെ മുഖ്യമന്ത്രി. പതിനഞ്ചാം നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിൽ ഉന്നയിച്ച നക്ഷത്രചിഹ്നമില്ലാത്ത ചോദ്യങ്ങൾക്കാണ് 36 ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകാത്തത്. ഇക്കഴിഞ്ഞ ജൂൺ പത്തിന് നടന്ന നിയമസഭാ സമ്മേളനത്തിൽ ഉത്തരം തേടി വിവിധ എം.എൽ.എമാർ ഉന്നയിച്ച 25 ചോദ്യങ്ങൾക്കാണ് ഇനിയും മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും മറുപടി നൽകാനുള്ളത്.

നിയമസഭയിൽ ഉത്തരം ലഭിക്കേണ്ട പത്ത് ദിവസത്തിന് മുമ്പാണ് ചോദ്യങ്ങൾക്ക് എം.എൽ.എമാർ നോട്ടീസ് നൽകേണ്ടത്. മറുപടി നൽകുന്നതിന്റെ തലേദിവസം വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് മന്ത്രിമാർ നിയമസഭാ സെക്രട്ടറിക്ക് ഉത്തരം നൽകണമെന്നാണ് നിയമസഭാ ചട്ടം. എന്നാൽ നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങൾക്കൊഴികെ ഈ നിബന്ധന മന്ത്രിമാർ പാലിക്കാറി​ല്ലെന്നതിന്റെ തെളിവാണ് നക്ഷത്രചിഹ്നമില്ലാത്ത പല ചോദ്യങ്ങൾക്കും ഇനിയും ഉത്തരമില്ലാത്തത്. നിയസഭാ ചട്ടപ്രകാരമുള്ള സമയത്തിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ ഡിലേ സ്റ്റേറ്റ്മെന്റ് (മറുപടി നൽകാനുള്ള കാലതാമസത്തിനുള്ള കാരണം വിശദീകരിക്കുന്ന സ്റ്റേറ്റ്മെന്റ് ) ഉൾപ്പെടുത്തി 15 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് വ്യവസ്ഥ. ധനകാര്യവകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് 90 ദിവസമായിട്ടും മറുപടി നൽകാത്തതിനെ തുടർന്ന് പ്രതിപക്ഷം പരാതി ഉന്നയിച്ചതോടെ മുഖ്യമന്ത്രിയോടും മന്ത്രിമാരോടും സ്പീക്കർ രണ്ടുതവണ ചട്ടംപാലിക്കണമെന്ന് ഉത്തരവിറക്കിയിരുന്നു. എന്നിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നി​ല്ല. മുഖ്യമന്ത്രി ഉത്തരം നൽകാത്ത ചോദ്യങ്ങൾ താഴെ

മുഖ്യമന്ത്രിയുടെ വിദേശ യാത്ര

മുഖ്യമന്ത്രിയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തുറ എം.എൽ.എ കെ.ബാബുവാണ് ചോദിച്ചിരിക്കുന്നത്. മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ മുഖ്യമന്ത്രി എത്ര തവണ വിദേശയാത്ര നടത്തിയിട്ടുണ്ട്. ആ യാത്രകളുടെ തീയതിയും സന്ദർശിച്ച രാജ്യങ്ങളുടെ വിവരവും, ഓരോ യാത്രയ്ക്കായും സർക്കാർ ചെലവഴിച്ച തുകയും സഭയെ അറിയിക്കാമോ എന്നായിരുന്നു ചോദ്യം. യാത്രകളിൽ മുഖ്യമന്ത്രിയെ അനുഗമിച്ചവരുടെ വിശദാംശങ്ങൾ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിന്റെ ചെലവുകൾ

നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിന്റെ ചെലവുകൾക്കായി അനുവദിച്ച തുക ഇനം തിരിച്ച് വിശദമാക്കുമോ എന്നതായിരുന്നു മാത്യു കുഴല്‍നാടൻ എം.എൽ.എയുടെ ചോദ്യം. സോഷ്യൽ മീഡിയ ടീമിൽ പ്രവർത്തിക്കുന്നവരുടെ പേരും തസ്തികയും ശമ്പളവും വിദ്യാഭ്യാസയോഗ്യതയും വ്യക്തമാക്കണമെന്നും, മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഈ ടീമിനായി ചെലവഴിച്ച തുക എത്രയെന്ന് വിശദമാക്കണമെന്നും ചോദ്യത്തിലുണ്ടായിരുന്നു.

സി-ഡിറ്റിൽ സോഫ്റ്റ്​വെയർ വാങ്ങിയതിലെ ക്രമക്കേട്

സി-ഡിറ്റിൽ നടന്ന 35 ലക്ഷം രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട ചോദ്യമാണ് മുഖ്യമന്ത്രി മറുപടി നൽകാത്ത മറ്റൊരു ചോദ്യം. സി-ഡിറ്റിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ച് മുപ്പത്തി അഞ്ച് ലക്ഷം രൂപയുടെ നെസസ്സ്-ടെനേബിള്‍ നെറ്റ്‌വര്‍ക്ക് അസസ്മെന്റ് സോഫ്റ്റ്‌വെയര്‍ 2018 മാര്‍ച്ചില്‍ വാങ്ങിയതും ഒരു വർഷം കാലാവധി ഉണ്ടായിട്ടും ഒരു തവണ ​പോലും ഉപയോഗിക്കാതെ സോഫ്റ്റവെയർ കാലഹരണപ്പെട്ടു പോയതുമായി ബന്ധപ്പെട്ടായിരുന്നു സണ്ണി ജോസഫ് എം.എൽ.എയുടെ ചോദ്യം. ക്രമക്കേടും സാമ്പത്തിക നഷ്ടം ഉണ്ടായതുമായി ബന്ധപ്പെട്ട് വകുപ്പ് സെക്രട്ടറി എന്ത് നടപടിയെടുക്കണമെന്നാണ് ഫയലിൽ രേഖപ്പെടുത്തിയതെന്നും ആ ശിപാർശ സർക്കാർ അംഗീകരിക്കാത്തത് എന്തു​കൊണ്ടാണെന്ന് വിശദമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

കേരളീയം

കേരളീയം പരിപാടിക്കായി സർക്കാർ അനുവദിച്ച് നൽകിയ തുക എത്ര​? സ്പോൺസർഷിപ്പ് ഇനത്തിൽ എത്ര തുക ലഭിച്ചിട്ടുണ്ട്. പരിപാടിയുടെ നടത്തിപ്പിനായി ടെൻഡർ നടപടികൾ ഒഴിവാക്കി ഉത്തരവ് നൽകിയിട്ടുണ്ടോ. നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ ജോലികൾക്ക് കരാർ ലഭിച്ച സ്ഥാപനങ്ങൾ / വ്യക്തികൾ എന്നിവയുടെ വിശദാംശവും കരാർ തുകയും ഇനം തിരിച്ച് വ്യക്തമാക്കണമെന്നായിരുന്നു എം.വിൻ​സെന്റ് എം.എൽ.എയുടെ ചോദ്യം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ കണക്കുകൾ

2016 മുതല്‍ ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും എത്ര കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നായിരുന്നു എം.രാജഗോപാലൻ എം.എൽ.എയുടെ ചോദ്യം. പ്രകൃതിക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കും അപകടമരണത്താല്‍ നിരാലംബരായ കുടുംബങ്ങള്‍ക്കുമായി എത്രരൂപ ചെലവഴിച്ചിട്ടുണ്ടെന്നും വിശദമാക്കണമെന്നും ചോദ്യത്തിലുണ്ടായിരുന്നു.

കാലവര്‍ഷക്കെടുതിക്ക് ലഭിച്ച കേന്ദ്രസഹായം

കഴിഞ്ഞ വര്‍ഷം ഉണ്ടായ കാലവര്‍ഷക്കെടുതിക്ക് സംസ്ഥാനം ആവശ്യപ്പെട്ട സഹായം കേന്ദ്രത്തില്‍ നിന്നും ലഭിച്ചിട്ടുണ്ടെങ്കിൽ അറിയിക്കണമെന്നായിരുന്നു പി. മമ്മിക്കുട്ടി എം.എൽ.എയുടെ ചോദ്യം. കാലവര്‍ഷക്കെടുതിയിൽ പൂര്‍ണമായും ഭവനരഹിതരായവര്‍ എത്രയെന്ന് വിശദമാക്ക​ണമെന്നുമുണ്ടായിരുന്നു ചോദ്യത്തിൽ.

അതിഥി തൊഴിലാളികൾ പ്രതികളായ കേസുകള്‍

അതിഥി തൊഴിലാളികൾ പ്രതികളായ കേസുകളുടെ എണ്ണവും പിടികൂടിയ പ്രതികളുടെ എണ്ണവും ശിക്ഷിക്കപ്പെട്ടവരുടെ എണ്ണവുമാണ് എൽദോസ് പി. കുന്നപ്പിള്ളിൽ എം.എൽ.എ ചോദിച്ചത്.

കുറ്റകൃത്യങ്ങളുടെയും കൊലപാതകങ്ങളുടെയും കണക്ക്

സംസ്ഥാനത്ത് നിലവില്‍ ആകെ എത്ര ഗുണ്ടാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും 2016 ജൂൺ മുതല്‍ നാളിതുവരെ എത്ര ഗുണ്ട ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നുമുള്ള വിവരം ജില്ല തിരിച്ച് ലഭ്യമാക്കണമെന്നായിരുന്നു കെ.ബാബു എം.എൽ.എയുടെ ചോദ്യം. കൊലപാതകങ്ങളുടെയും സ്ത്രീപീഡന കേസുകളുടെ എണ്ണം വർഷം തിരിച്ച് ചോദിച്ച അദ്ദേഹം, പൊലീസ് പ്രതികളായ സ്ത്രീപീഡന കേസുകളുടെ എണ്ണവും ചോദിച്ചിരുന്നു.

എസ്.എഫ്.ഐയും കോളജ് ക്യാമ്പസിലെ അതിക്രമങ്ങളും

മുൻ സർക്കാരിന്റെ കാലം മുതൽ കോളേജ് ക്യാമ്പസിൽ അതിക്രമങ്ങൾ നടത്തിയതിന്റെ പേരിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, എസ്.എഫ്.ഐയോട് ആഭിമുഖ്യം പുലർത്തുന്നവർ പ്രതികളായ എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിൽ എത്ര പ്രതികളെ ശിക്ഷിച്ചിട്ടുണ്ടെന്നുമായിരുന്നു ടി.സിദ്ദിഖ് എം.എൽ.എയുടെ ചോദ്യം.

സി.ബി.ഐ. അന്വേഷണത്തിനായുള്ള നടപടിക്രമങ്ങളിലെ വീഴ്ച

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട സി.ബി.ഐ. അന്വേഷണത്തിനായുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിൽ വീഴ്ച വരുത്തിയതിന്റെ പേരിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതിന്റെ വിവരവും, അവരെ സർവീസിൽ തിരിച്ചെടുത്തിട്ടുണ്ടെങ്കിൽ അതിന്റെ സാഹചര്യവും വ്യക്തമാക്കണമെന്നായിരുന്നു കെ. ബാബു എം.എൽ.എ ചോദിച്ചത്.





സി.എം.ആര്‍.എല്‍ -കരിമണല്‍ ഖനനവും, മാസപ്പടി കേസും

സി.എം.ആര്‍.എല്‍ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട മാസപ്പടി കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സി ഈ വിഷയത്തില്‍ ഏതെങ്കിലും കത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയിരുന്നോ ? എങ്കില്‍ എന്നാണ് കത്ത് ലഭിച്ചതെന്നും അതിന്റെ ഉള്ളടക്കം എന്താണെന്നും വിശദമാക്കണമെന്നായിരുന്നു റോജി എം. ജോൺ എം.എൽ.എയുടെ ചോദ്യം. ഈ വിഷയത്തില്‍ അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ കുറ്റക്യത്യങ്ങള്‍ നടന്നതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നല്‍കിയ കത്തില്‍ പ്രതിപാദിച്ചിട്ടുണ്ടെങ്കിൽ വ്യക്തമാക്കണമെന്നും ചോദ്യത്തിൽ ഉണ്ടായിരുന്നു

പോക്സോ കേസുകളുടെ ശിക്ഷ നിരക്ക്

പോക്സോ കേസുകളുടെ ശിക്ഷനിരക്ക് എത്രയാണ്? പോക്സോ ഇരകൾക്ക് എന്തെല്ലാം സംരക്ഷണ സംവിധാനങ്ങൾ സംസ്ഥാനത്ത് നിലവിലുണ്ടെന്ന സണ്ണിജോസഫ് എം.എൽ.എയുടെ ചോദ്യത്തിന് വിവരം ശേഖരിച്ചുവരുന്നുവെന്ന മറുപടിയിൽ 45 ദിവസം കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ല.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളും സ്ത്രീപീഡനക്കേസുകളും

മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ എത്ര അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുമായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യം. സമാനമായ മറ്റൊരു ചോദ്യം ഉമ തോമസ് എം.എൽ.എയും ചോദിച്ചിരുന്നു. മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ എത്ര സ്ത്രീപീഡനക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എത്ര കേസുകളിൽ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നുമായിരുന്നു ചോദ്യം.

അവയവദാനം സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണം

സംസ്ഥാനത്ത് അവയവ കൈമാറ്റം സജീവമാണെന്ന കണ്ടെത്തലുകളെ തുടർന്ന് അവയവദാനം സംബന്ധിച്ച് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടു​ണ്ടോ ? അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് വിശദമാക്കണമെന്നായിരുന്നു നജീബ് കാന്തപുരം, പി. ഉബൈദുള്ള, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, ടി. വി. ഇബ്രാഹിം എന്നിവരുടെ ചോദ്യം.

ബോംബ് സ്ഫോടന കേസുകളും ഗുണ്ടാ ആക്രമണങ്ങളും

2016 മെയ് മുതൽ സംസ്ഥാനത്ത് നടന്ന ബോംബ് സ്ഫോടന കേസുകളുടെ കണക്കായിരുന്നു സണ്ണി ജോസഫ് എം.എൽ.എ ചോദിച്ചത്. അറസ്റ്റിലായവരുടെയും ശിക്ഷിക്കപ്പെട്ടവരുടെയും കണക്കുകളും ചോദിച്ചിരുന്നു.

പൊലീസ്-ഗുണ്ട അവിശുദ്ധ ബന്ധം

യു. എ. ലത്തീഫ്​, എം. കെ. മുനീർ, കെ. പി. എ. മജീദ് എം.എൽ.എമാരാണ് ഗുണ്ടാ നേതാക്കളോടും ക്രിമിനലുകളോടും സൗഹൃദം പുലർത്തുന്ന പൊലീസുകാർ സർവീസിലുള്ളതായി കണ്ടെത്തിയിട്ടുണ്ടോ എന്ന് ചോദിച്ചത്. ഗുണ്ടകളും പൊലീസുകാരും തമ്മിലുളള അവിശുദ്ധ ബന്ധം അവസാനിപ്പിക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ വിശദമാക്കണമെന്നും എം.എൽ.എമാർ ചോദിച്ചിരുന്നു.

ഇന്ത്യ എന്ന ആശയാടിത്തറ വെല്ലുവിളി നേരിടുന്ന സാഹചര്യം

ഇന്ത്യ എന്ന ആശയാടിത്തറ വെല്ലുവിളി നേരിടുന്ന സാഹചര്യവുമായി ബന്ധപ്പെട്ട് എം.എൽ.എമാരായ പി. എസ്‍ സുപാല്‍, വി.ശശി, സി. കെ. ആശ, വാഴൂര്‍ സോമൻ തുടങ്ങിയവർ ചോദിച്ച​ ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല. ഇന്ത്യ എന്ന രാഷ്ട്രം കെട്ടിപ്പടുക്കപ്പെട്ട ആശയാടിത്തറയെ കേന്ദ്രഭരണകൂടം തന്നെ വെല്ലുവിളിക്കുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ? ഈ സാഹചര്യത്തിനെതി​രെ സംസ്ഥാനവും നിലവിലെ സര്‍ക്കാരും ശക്തമായി പ്രതികരിച്ചിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കും മറുപടി നൽകിയിട്ടില്ല.

കേരളത്തിന്റെ വികസന മാതൃകയുമായി ബന്ധപ്പെട്ട് എം.എൽ.എമാരായ കെ. ടി. ജലീൽ, കെ.യു ജനീഷ് കുമാർ, കാനത്തില്‍ ജമീല, പി.പി. സുമോദ് എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്കും മറുപടി നൽകിയിട്ടില്ല. പത്തനംതിട്ട ജില്ലയിലെ പാര്‍ട്ട് ടൈം ലാംഗ്വേജ് ടീച്ചര്‍ നിയമനവുമായി ബന്ധപ്പെട്ട് ദെലീമ എം.എൽ.എയുടെ ചോദ്യത്തിനും സര്‍ക്കാര്‍ വകുപ്പുകളില്‍ ഇ-ഗവേണ്‍സ് സമ്പ്രദായം ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ടോ എന്ന കാനത്തില്‍ ജമീല എം.എൽ.എയുടെ ചോദ്യത്തിനും ഉത്തരം നൽകിയിട്ടില്ല.

ദുരന്ത നിവാരണ നടപടികളും നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് പി. അബ്ദുല്‍ ഹമീദ് എം.എൽ.എയുടെ ചോദ്യത്തിനും നിലമ്പൂർ പൊലീസ് സ്റ്റേഷന്റെ ഭൂമി റോഡ് നവീകരണത്തിന് വിട്ടുകിട്ടാനുള്ള നടപടിയെ പറ്റി പി.വി അൻവറും, അങ്കമാലി, കാലടി പൊലീസ് സ്റ്റേഷനുകളില്‍ ട്രാഫിക് യൂണിറ്റ് ആരംഭിക്കാനുള്ള നടപടിയെ പറ്റി റോജി എം. ജോണിന്റെ ചോദ്യത്തിനും പൊലീസ് സേനയിലെ നിയമനവുമായി ബന്ധപ്പെട്ട് നെന്മാറ എം.എൽ.എ കെ. ബാബുവിന്റെ ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല.

ജൂൺ പത്തിന് നടന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി മാത്രം ഉത്തരം നൽകാത്ത ചോദ്യങ്ങളുടെ കണക്കുകളാണിത്. മറ്റ് ദിവസങ്ങളിലും എം.എൽ.എമാർ ഉന്നയിച്ച നിരവധി ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഇനിയും മറുപടി നൽകിയിട്ടില്ല.

Similar Posts