കായിക താരങ്ങളെ സംസ്ഥാന സർക്കാർ അവഗണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
|കഴിഞ്ഞ ഏഴു വർഷത്തിനിടെ 676 താരങ്ങൾക്ക് നിയമനം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം: കായിക താരങ്ങളെ സംസ്ഥാന സർക്കാർ അവഗണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കായികതാരങ്ങൾക്ക് വേണ്ട സഹായം എപ്പോഴും നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏഴു വർഷത്തിനിടെ 676 താരങ്ങൾക്ക് നിയമനം നൽകിയിട്ടുണ്ടെന്നും സഹായങ്ങൾ നൽകുന്നത് ഇനിയും തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിനെ വിമർശിച്ച ശ്രീജേഷ് ഉൾപ്പെടെയുള്ള താരങ്ങളുടെ പേരെടുത്ത് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കായികമേഖലയിൽ എല്ലാ ഘട്ടത്തിലും ആവശ്യമായ എല്ലാ സഹായവും ചെയ്ത ഒരു സംസ്ഥാനമാണ് കേരളം. ഒരു ഘട്ടത്തിലും സംസ്ഥാനം ഇതിൽ നിന്നും പിന്നോട്ട് പോയിട്ടില്ല. ഒളിമ്പിക്‌സിൽ പങ്കെടുത്ത മുഴുവൻ മലയാളികൾക്കും ടീം അംഗങ്ങൾക്കും സംസ്ഥാന സർക്കാർ 10 ലക്ഷം രുപ വീതം നൽകിയിട്ടുണ്ട്. ഏഷ്യൻ ഗെയിംസിൽ ഹോക്കിയിൽ സ്വർണം നേടിയ ടീമിലെ മലയാളി താരം പി.ആർ ശ്രീജേഷിന് ഒളിമ്പിക്‌സ് മെഡൽ നേടിയ വേളയിൽ രണ്ടു കോടി രുപയും ജോലിയിൽ സ്ഥാന കയറ്റവും നൽകിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കായിക താരങ്ങൾക്ക് ജോലി നൽകുന്നതിൽ സർവ്വകാല റെക്കോഡാണ് ഈ സർക്കാർ നേടിയത്. സ്‌പോർട്‌സ് ക്വോട്ട നിയമനത്തിനുള്ള 2010-14 റാങ്ക് ലിസ്റ്റിൽ നിന്നും 65 പേർക്ക് കൂടി നിയമനം നൽകി. പോലീസിൽ സ്‌പോർട്‌സ് ക്വോട്ടയിൽ 35 പേർക്ക് നിയമനം നൽകി. 2015-19 കാലങ്ങളിലെ സ്‌പോർട്‌സ് ക്വോട്ട നിയമന നടപടികൾ പുരോഗമിക്കുകയാണ്. സർഫിക്കറ്റ് പരിശോധന പൂർത്തിയായിട്ടുണ്ട്. ഈ വർഷം തന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാകുമെന്നും പിണറായി വിജയൻ പറഞ്ഞു.
അഞ്ചു വർഷത്തെ റാങ്ക് ലിസ്റ്റിൽ 249 പേർക്കാണ് നിയമനം ലഭിക്കുക. പ്രത്യേക പരിഗണനയിൽ ഫുട്‌ബോൾ താരം സി.കെ വിനീതിന് നേരത്തെ ജോലി നൽകിയിരുന്നു. കെ.എസ്.ഇ.ബിയിലും സ്‌പോർട്‌സ് ക്വോട്ട നിയമനം നടന്നു. 210-14 റാങ്ക് ലിസ്റ്റിൽ നിന്നുള്ള സ്‌പോർട്‌സ് ക്വോട്ട നിയമനം യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മുടങ്ങി കടന്നിരുന്നു. തുടർന്ന് വന്ന എൽ.ഡി.എഫ് ഗവൺമെന്റാണ് നിയമന നടപടികൾ ആരംഭിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.