മലപ്പുറം ജില്ലയെ അധിക്ഷേപിക്കുന്ന പരാമർശം മുഖ്യമന്ത്രി തിരുത്തണമെന്ന് കെഎൻഎം
|‘മലപ്പുറം ജില്ലയെ ലക്ഷ്യം വെച്ച് നിരന്തരം നുണ പ്രചാരണം നടത്തുന്ന സംഘപരിവാർ അജണ്ടക്ക് ബലം നൽകുന്ന പ്രസ്താവനകളിൽ നിന്നും മുഖ്യമന്ത്രി വിട്ടുനിൽക്കണം’
കോഴിക്കോട്: മലപ്പുറം ജില്ലയെ പേരെടുത്ത് പറഞ്ഞു അധിക്ഷേപിക്കുന്ന ശൈലി മുഖ്യമന്ത്രി തിരുത്തണമെന്ന് കെഎൻഎം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയിലേക്ക് ചേർത്തി സ്വർണക്കടത്തും കള്ളപ്പണവും കണക്ക് നിരത്തിയ മുഖ്യമന്ത്രി കേരളത്തിലെ നാല് വിമാനത്താവളം വഴി വരുന്ന സ്വർണക്കടത്തും ഹവാല കണക്കും പുറത്ത് വിടാൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലപ്പുറം ജില്ലയെ ലക്ഷ്യം വെച്ച് നിരന്തരം നുണ പ്രചാരണം നടത്തുന്ന സംഘപരിവാർ അജണ്ടക്ക് ബലം നൽകുന്ന പ്രസ്താവനകളിൽ നിന്നും മുഖ്യമന്ത്രി വിട്ടുനിൽക്കണം. മുൻ കാലങ്ങളിൽ ഇത്തരം പ്രസ്താവനകൾ സാമൂഹിക രംഗത്ത് പരിഹരിക്കാൻ പറ്റാത്ത വിടവുകൾ സൃഷ്ടിടിച്ചത് എല്ലാവരും ഓർക്കണം.
കള്ളക്കടത്തും കുറ്റകൃത്യങ്ങളും മതവും നിറവും നിറച്ച് വിശദീകരിക്കുന്നത് കേരളത്തിൽ നിലനിൽക്കുന്ന സൗഹൃദവും സ്നേഹവും തകരാൻ മാത്രമേ കാരണമാകുകയുള്ളൂവെന്നും അബ്ദുല്ലക്കോയ മദനി പറഞ്ഞു. രാഷ്ട്രീയ ലാഭത്തിനു വേണ്ടി വിഭാഗീയത പരത്തുന്ന പ്രസ്താവനകളിൽ നിന്നും സമൂഹത്തിൽ പക്വത കാണിക്കേണ്ട രാഷ്ട്രീയ സാമൂഹിക നേതാക്കൾ വിട്ടുനിൽക്കണമെന്നും കെഎൻഎം ആവശ്യപ്പെട്ടു