Kerala
ഭരണനേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലകളിലേക്ക്
Kerala

ഭരണനേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലകളിലേക്ക്

Web Desk
|
14 Jun 2023 12:18 PM GMT

അവലോകന യോഗത്തിലെ തീരുമാനം 48 മണിക്കൂറിനുള്ളിൽ ഉത്തരവായി പുറപ്പെടുവിക്കണമെന്നാണ് സർക്കാർ തീരുമാനം

തിരുവനന്തപുരം: സർക്കാരിന്‍റെ ഭരണ നേട്ടം ജനങ്ങളിലേക്ക് എത്തിക്കാൻ മുഖ്യമന്ത്രി ജില്ലകളിലേക്ക് നേരിട്ടെത്തും. ഇതിനായി മേഖലാ തലത്തിൽ അവലോകന യോഗങ്ങൾ നടത്തും. കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് യോഗം ചേരുക. മേഖലാ തലത്തിൽ പൊലീസ് ഓഫീസർമാരുടെ യോഗവും മുഖ്യമന്ത്രി വിളിക്കും.

എല്ലാ ജില്ലകളെയും പ്രതിനിധീകരിച്ച് നാല് മേഖലാ തലങ്ങളിൽ അവലോകന യോഗം നടത്തി അതിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് പങ്കെടുക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സെപ്തംബർ 4,7,11,14 തിയതികളിലാണ് അവലോകന യോഗം ചേരുക. ഇതേ ദിവസം തന്നെ ഇതേ മേഖലകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗവും മുഖ്യമന്ത്രി വിളിച്ച് ചേർത്തിട്ടുണ്ട്.

മേഖലാ തല യോഗങ്ങളുടെ ഭാഗമായി ജില്ലാകലക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ പരിഗണിക്കേണ്ട കാര്യങ്ങളുടെ പട്ടിക ജൂൺ 30 ന് മുൻപ് തയാറാക്കി നൽകണം.ആദ്യഘട്ടത്തിൽ അടിസ്ഥാന സൌകര്യ പ്രശ്നങ്ങള്‍, ക്ഷേമ പദ്ധതികളുടെ അവസ്ഥ, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പ്, ജില്ല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്നിങ്ങനെയായിരിക്കും ജില്ലയിൽ പരിഗണിക്കേണ്ട പ്രശ്നങ്ങളുടെ പട്ടിക തയാറാക്കുക. തുടർന്ന് അവലോകന യോഗത്തിൽ പരിഗണിക്കേണ്ട വിഷയങ്ങളെ പ്രധാന്യമനുസരിച്ച് രണ്ടാം ഘട്ടത്തിൽ തരം തിരിക്കും. സർക്കാർ തലത്തിൽ തീരുമാനം എടുക്കേണ്ടവ, ജില്ലാ തലത്തിൽ പരിഗണിക്കേണ്ടവ, മുകളിൽ പറഞ്ഞ രണ്ട് തരത്തിലും പരിഗണിക്കേണ്ടാത്തവ എന്നിങ്ങനെ മൂന്ന് തരത്തിലാണ് പട്ടിക തയാറാക്കുക. ശേഷം സെക്രട്ടറി തല അവലോകനം നടത്തി മൂന്നാം ഘട്ടത്തിലായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന അവലോകന യോഗത്തിലേക്ക് കൊണ്ടു വരിക. ഈ അവലോകന യോഗത്തിലെല്ലാം ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുക്കും.

അവലോകന യോഗത്തിലെ തീരുമാനം 48 മണിക്കൂറിനുള്ളിൽ ഉത്തരവായി പുറപ്പെടുവിക്കണമെന്നാണ് സർക്കാർ തീരുമാനം. കോഴിക്കോട് നടക്കുന്ന അവലോകന യോഗത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ പ്രശ്നങ്ങളാണ് പരിഗണിക്കുക. തൃശൂരിലെ യോഗത്തിൽ മലപ്പുറം, തൃശൂർ ജില്ലകളിലെയും എറണാകുളത്തെ യോഗത്തിൽ എറണാകുളം, ഇടുക്കി,ആലപ്പുഴ, കോട്ടയം ജില്ലകളിലെയും പ്രശ്നങ്ങള്‍ പരിഗണിക്കും. തിരുവനന്തപുരത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെയും പ്രശ്നങ്ങള്‍ പരിഗണിക്കും.

പദ്ധതിയുടെ ആകെ ലക്ഷ്യമായി സർക്കാർ കാണുന്നത് സർക്കാരിന്‍റെ പ്രവർത്തനങ്ങളും ഭരണ നേട്ടങ്ങളും ജനങ്ങള്‍ക്ക് അനുഭവഭേധ്യമാക്കുകയെന്നതാണ്. സമയബന്ധിതമായി പദ്ധതി നിർവഹണം പൂർത്തിയാക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. പൊലീസിനെതിരെയും ആഭ്യന്തരവകുപ്പിന്‍റെ പ്രവർത്തനങ്ങള്‍ക്കെതിരെയും വലിയ വിമർശനങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുന്നതിനിടയിലാണ് പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർത്തിരിക്കുന്നത്.

Similar Posts