സർക്കാർ ഗവർണർ പോര് അയയുന്നു; അറ്റ് ഹോം പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കും
|സർക്കാരിനോടുള്ള ഗവർണറുടെ സമീപനം മയപ്പെട്ട സാഹചര്യത്തിലാണ് ഗവർണറുടെ അറ്റ് ഹോം പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത്
തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന അറ്റ് ഹോം പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. ഗവർണർ വിളിച്ച ക്രിസ്മസ് വിരുന്നിൽ മന്ത്രിസഭ വിട്ടു നിന്നിരുന്നു. ഗവർണർ - സർക്കാർ പോരിലെ മഞ്ഞുരുകലിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് അതത് ജില്ലകളുടെ ചുമതല നൽകിയിട്ടുള്ള മന്ത്രിമാർ ഗവർണറുടെ പരിപാടിയിൽ പങ്കെടുക്കില്ല. തിരുവനന്തപുരത്ത് മന്ത്രിമാർ ആരെങ്കിലും ഉണ്ടെങ്കിൽ പരിപാടിയിൽ പങ്കെടുക്കാനും സാധ്യതയുണ്ട്. 2020ലാണ് അവസാനമായി അറ്റ് ഹോം പരിപാടി നടന്നത്. ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ മന്ത്രിമാരെയും മുഖ്യമന്ത്രിയെയും ക്രിസ്മസ് വിരുന്നിന് ക്ഷണിച്ചിരുന്നെങ്കിലും ഗവർണർ-സർക്കാർ ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ക്ഷണം നിരസിക്കുകയായിരുന്നു.
പിന്നാലെ മന്ത്രി സജി ചെറിയാന്റെ സത്യപ്രതിജ്ഞയിലെ അനിശ്ചിതത്വവും നീങ്ങുകയുണ്ടായി. പിന്നീട് സർക്കാർ ഗവർണർക്ക് നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിൽ സംസ്ഥാന സർക്കാർ തയ്യാറാക്കിയ വാചകങ്ങൾ അതേപടി ഗവർണർ വായിക്കുകയും ചെയ്തു. സർക്കാരിനോടുള്ള ഗവർണറുടെ സമീപനം മയപ്പെട്ട സാഹചര്യത്തിലാണ് ഗവർണറുടെ അറ്റ് ഹോം പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത്.