മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തും; നിർണായക തീരുമാനങ്ങൾക്ക് സാധ്യത
|എഡിജിപി എം.ആർ അജിത് കുമാറിന് സ്ഥാനചലനമുണ്ടായേക്കും
തിരുവനന്തപുരം: ദിവസങ്ങൾക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്തേക്ക് ഇന്ന് തിരിച്ചെത്തുന്നതോടെ നിർണായക തീരുമാനങ്ങളുണ്ടാകാൻ സാധ്യത. പി.വി അൻവർ എംഎൽഎ നൽകിയ പരാതികളിലും ആർ.എസ്.എസ് കൂടിക്കാഴ്ചയിലും സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് സമർപ്പിക്കുന്നതോടെ എഡിജിപി എം.ആർ അജിത് കുമാറിന് സ്ഥാനചലനമുണ്ടായേക്കും. തൃശൂർ പൂരം കലക്കലിൽ തുടരന്വേഷണം വേണമെന്ന ആഭ്യന്തര സെക്രട്ടറിയുടെ ശിപാർശയിലും മുഖ്യമന്ത്രി തീരുമാനമെടുത്തേക്കും.
അൻവർ നൽകിയ പരാതികളിലെ അന്വേഷണത്തിന്റെ റിപ്പോർട്ട് നാളെ സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിക്ക് കൈമാറും. ഇതിനൊപ്പം അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലെ അന്വേഷണത്തിന്റെ റിപ്പോർട്ടുമുണ്ടാകും. ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബ് നടത്തിയ അന്വേഷണങ്ങളിൽ അജിത് കുമാറിനെതിരായി കണ്ടെത്തലുകളുണ്ടെന്നാണ് വിവരം. ഒപ്പം തുടർനടപടികൾക്കുള്ള ശിപാർശയുമുണ്ടാകും. ഇത് മുഖ്യമന്ത്രി അംഗീകരിച്ചാൽ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് അജിത് കുമാർ തെറിച്ചേക്കും.
സിപിഐയിൽ നിന്നുള്ള സമ്മർദം കൂടിയാവുന്നതോടെ സ്ഥലംമാറ്റമെങ്കിലും മുഖ്യമന്ത്രിക്ക് പരിഗണിക്കേണ്ടി വരും. മറ്റൊന്ന്, തൃശൂർ പൂരം കലക്കലിലുള്ള ആഭ്യന്തര സെക്രട്ടറിയുടെ തുടരന്വേഷണ ശിപാർശയാണ്. ഡിജിപി തല അന്വേഷണമോ ക്രൈം ബ്രാഞ്ച് മേധാവിക്ക് ചുമതല നൽകിയുള്ള അന്വേഷണമോ ഉണ്ടാകാനാണ് സാധ്യത. ഇവിടെയും സിപിഐയുടെ സമ്മർദത്തിന് വഴങ്ങി മുഖ്യമന്ത്രി തീരുമാനമെടുത്തേക്കും. വെള്ളിയാഴ്ച നിയമസഭ തുടങ്ങും മുൻപേ തീരുമാനങ്ങളുണ്ടായേക്കും.