മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം; ചീഫ് സെക്രട്ടറി പൊലീസ് മേധാവിയിൽ നിന്ന് റിപ്പോര്ട്ട് തേടി
|അടിയന്തരമായി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം
തിരുവനന്തപുരം: മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ സംസ്ഥാന പൊലീസ് മേധാവിയിൽ നിന്ന് റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി. അടിയന്തരമായി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. വിവാദത്തിൽ കെ ഗോപാലകൃഷ്ണൻ ഐഎഎസിനെ സംശയത്തിന്റെ നിഴലിലാക്കുന്നതാണ് സംസ്ഥാന പൊലീസ് മേധാവിക്ക് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട്.
മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ സർക്കാർ നടപടികൾ വേഗത്തിലാക്കുന്നതിന്റെ സൂചന നൽകുന്നതാണ് ചീഫ് സെക്രട്ടറി നടത്തിയ ഇടപെടൽ. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബിനോട് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ നിർദേശിച്ചത്. വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണന്റെ നടപടികൾ സംശയാസ്പദമാണെന്ന പരാമർശത്തോടെയുള്ള റിപ്പോർട്ടാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ജി. സ്പർജൻ കുമാർ ഡിജിപിക്ക് കൈമാറിയത്. ഇരു ഫോണുകളും ഫോർമാറ്റ് ചെയ്ത് നൽകിയ രീതിയിലാണ് കമ്മീഷണർ സംശയം പ്രകടിപ്പിച്ചത്. പൊലീസിന് നൽകും മുൻപ് ഗോപാലകൃഷ്ണൻ ഫോണുകൾ ഫോർമാറ്റ് ചെയ്തു.
മൂന്നോ നാലോ തവണ റീസെറ്റ് ചെയ്തു. അതിനാൽ ഫൊറൻസിക് പരിശോധനയിൽ ഹാക്കിങ് നടന്നോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാനായില്ല. സ്വകാര്യ വിവരങ്ങൾ നീക്കം ചെയ്യുന്നുവെന്നറിയിച്ച ശേഷമായിരുന്നു ഫോർമാറ്റ് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ ഗോപാലകൃഷ്ണനെ സംശയനിഴലിൽ നിർത്തി എൻ. പ്രശാന്ത് ഐഎഎസും രംഗത്തെത്തി. സ്വയം കുസൃതി ഒപ്പിച്ച് പരാതിപ്പെടുന്ന പ്രവണത ഐഎഎസുകാരിൽ കൂടി വരുന്നുവെന്നായിരുന്നു പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചിലരുടെ ഓർമശക്തി ആരോ ഹാക്ക് ചെയ്തതാണോ എന്ന് സംശയമുണ്ടെന്നും പ്രശാന്തിന്റെ ഒളിയമ്പ്.