'കുഞ്ഞിനെ ഹാജരാക്കണം'; വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കർശന ഇടപെടലുമായി സി.ഡബ്ല്യു.സി
|തൃപ്പൂണിത്തുറയിലെ ദമ്പതികളുടെ കൈവശമാണ് കുഞ്ഞ് ഇപ്പോഴുള്ളത്. ഇവരെ കണ്ടെത്തി കുട്ടിയെ അടിയന്തരമായി ഹാജരാക്കാനാണ് സി.ഡബ്ല്യു.സി നിർദേശം.
കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ കുഞ്ഞിനെ ഹാജരാക്കാൻ സി.ഡബ്ല്യു.സി ഉത്തരവ്. നിയമവിരുദ്ധമായാണ് കുഞ്ഞിയെ ദത്ത് നൽകിയതെന്ന് സി.ഡബ്ല്യു.സി കണ്ടെത്തി. തൃപ്പൂണിത്തുറയിലെ ദമ്പതികളുടെ കൈവശമാണ് കുഞ്ഞ് ഇപ്പോഴുള്ളത്. ഇവരെ കണ്ടെത്തി കുട്ടിയെ അടിയന്തരമായി ഹാജരാക്കാനാണ് സി.ഡബ്ല്യു.സി നിർദേശം.
കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ തൃപ്പൂണിത്തുറ വടക്കേക്കോട്ട സ്വദേശികളായ ദമ്പതികൾ ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്. നിയമവിരുദ്ധമായി ദത്തെടുത്ത കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് ലഭിക്കാനാണ് വ്യാജ സർട്ടിഫിക്കറ്റിനുള്ള ശ്രമം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അതിനാൽ, ദമ്പതികളും കേസിൽ പ്രതികളാവും.
മെഡിക്കൽ കോളജിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എ. അനിൽകുമാറിനെ കേസിൽ പ്രതി ചേർത്തിരുന്നു. അതേസമയം, മെഡിക്കൽ കോളജ് സൂപ്രണ്ട് പറഞ്ഞിട്ടാണ് തൃപ്പൂണിത്തുറ സ്വദേശിയുടെ കുട്ടിക്കായി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്നാണ് അനിൽകുമാറിന്റെ വാദം. എന്നാൽ കേസിൽനിന്ന് രക്ഷപ്പെടാൻ അനിൽകുമാർ കള്ളക്കഥ മെനയുകയാണെന്ന് സുപ്രണ്ട് ഡോ. ഗണേഷ് മോഹൻ പറഞ്ഞു.