പകലോടെ രക്ഷാപ്രവർത്തനം ഊർജിതമാക്കി ബാബുവിനെ രക്ഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി
|നിലവിൽ കരസേനയുടെ രണ്ട് യൂണിറ്റുകളാണ് സംഭവസ്ഥലത്ത് ഉള്ളത്
മലമ്പുഴയിൽ മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രവർത്തനത്തിനായി ഒരു ഹെലികോപ്റ്ററും സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ കുറിപ്പ്
മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുകയാണ്. നിലവിൽ കരസേനയുടെ രണ്ട് യൂണിറ്റുകളാണ് സംഭവസ്ഥലത്ത് ഉള്ളത്. ഒരു ടീം മലയുടെ മുകളിൽ നിന്നും ഒരു ടീം മലയുടെ താഴെ നിന്നും രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. കരസേന അംഗങ്ങൾക്ക് യുവാവുമായി സംസാരിക്കാൻ സാധിച്ചു. ഇന്ന് പകലോടെ രക്ഷപ്രവർത്തനം ഊർജിതപ്പെടുത്തി യുവാവിനെ മലയിടുക്കിൽ നിന്നും രക്ഷപ്പെടുത്താൻ സാധിക്കും എന്നാണ് കരസേന ടീം നൽകിയിരിക്കുന്ന വിവരം. എയർഫോഴ്സിന്‍റെ ഒരു ഹെലികോപ്റ്ററും നിലവിൽ തയ്യാറായിട്ടുണ്ട്.
ബാബുവിനെ രക്ഷപ്പെടുത്താൻ എല്ലാ സംവിധാനങ്ങളും സജ്ജമാണെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. വെളിച്ചം എത്തിയതോടെ രക്ഷാപ്രവർത്തനം സുഗമമാകുമെന്നാണ് പ്രതീക്ഷയെന്നും ഷാഫി പറമ്പിൽ പറഞ്ഞു.