മത്സ്യത്തൊഴിലാളിക്ക് കടലിൽ വെടിയേറ്റത് നാവിക സേനയുടെ ഭാഗത്ത് നിന്നെന്ന സംശയത്തിൽ തീരദേശ പൊലീസ്
|മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ ദിവസം നാവികസേനയുടെ ഫയറിങ് പ്രാക്ടീസ് നടന്നിരുന്നു
കൊച്ചി: മത്സ്യത്തൊഴിലാളിക്ക് കടലില്‍ വെടിയേറ്റത് നാവിക സേനയുടെ ഭാഗത്ത് നിന്നെന്ന സംശയത്തില്‍ തീരദേശ പൊലീസ്. നാവിക പരിശീലന കേന്ദ്രമായ ഐ.എന്‍.എസ് ദ്രോണാചാര്യയില്‍ ബാലിസ്റ്റിക് വിദഗ്ധരുടെ സഹായത്തോടെ പൊലീസ് പരിശോധന നടത്തി. മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ ദിവസം നാവികസേനയുടെ ഫയറിങ് പ്രാക്ടീസ് നടന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു പരിശോധന.
മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ് നാല് ദിവസമായിട്ടും വെടിയയുതിര്‍ന്നത് എവിടെ നിന്നാണെന്ന് സ്ഥിരീകരിക്കാനാകാത്ത സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നത്. ഐഎന്‍എസ് ദ്രോണാചാര്യയുടെ സമീപത്ത് നിന്നാണ് വെടി ഉതിര്‍ന്നതെന്ന സംശയം ആദ്യം മുതല്‍ തന്നെ പൊലീസിനുണ്ടായിരുന്നു. നാവികസേന ഇക്കാര്യം തളളിയിരുന്നുവെങ്കിലും സേനയുടെ പരിശീലന വിവരങ്ങളടക്കം പൊലീസ് ശേഖരിച്ചിരുന്നു. ഇതില്‍ നിന്ന് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ ദിവസം നാവികസേനയുടെ ഫയറിങ് പ്രാക്ടീസ് നടന്നുവെന്ന് കണ്ടെത്തി. ഇതോടെയാണ് പരിശോധനയുടെ ഭാഗമായി പൊലീസ് വീണ്ടും ഐ.എന്‍.എസ് ദ്രോണാചാര്യയിലെത്തിയത്.
കിഴക്ക് നിന്ന് പടിഞ്ഞാറേ ദിശയിലേക്കാണ് വെടിയുതിര്‍ന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ഭാഗത്താണ് നാവിക പരിശീലന കേന്ദ്രം. വെടിയുണ്ട എത്തിയ ദൂരം ബാലിസ്റ്റിക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മനസിലാക്കി. ഇന്നും മത്സ്യബന്ധന ബോട്ടില്‍ കടലില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. വെടിയുണ്ടയുടെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും എന്ന പ്രതീക്ഷയിലാണ് പൊലീസ്.