Kerala
Nava Kerala Sadas
Kerala

കുണ്ടറയിൽ നവകേരള സദസ്സിൽ നൽകിയ പരാതിക്ക് ലഭിച്ചത് നിരാശാജനകമായ മറുപടി

Web Desk
|
7 Feb 2024 1:20 AM GMT

അമ്പിപോയിക സ്വദേശിനി തങ്കമണിയമ്മ ആണ് വസ്തുവിന്‍റെ മധ്യത്തിലൂടെ പോകുന്ന വൈദ്യുതി ലൈൻ മാറ്റുന്നതിന് അപേക്ഷ നൽകിയത്

കൊല്ലം: കൊല്ലം കുണ്ടറയിൽ നവകേരള സദസ്സിൽ നൽകിയ പരാതിക്ക് ലഭിച്ചത് നിരാശാജനകമായ മറുപടി. വസ്തുവിലൂടെയുള്ള വൈദ്യുതി ലൈന്‍ മാറ്റാന്‍ 18409 രൂപ കെ.എസ്.ഇ.ബിയിൽ അടയ്ക്കാനാണ് മറുപടി. അമ്പിപോയിക സ്വദേശിനി തങ്കമണിയമ്മ ആണ് വസ്തുവിന്‍റെ മധ്യത്തിലൂടെ പോകുന്ന വൈദ്യുതി ലൈൻ മാറ്റുന്നതിന് അപേക്ഷ നൽകിയത്.

വീടുവയ്ക്കുന്നതിന് വേണ്ടിയാണ് ആറു സെന്‍റ് സ്ഥലത്തിന് നെടുകേ വലിച്ചിട്ടുള്ള വൈദ്യുതി ലൈൻ മാറ്റാൻ തങ്കമണിയമ്മ അപേക്ഷ നൽകിയത്. 15 വർഷങ്ങൾക്ക് മുമ്പ് ഉടമയുടെ അനുമതി വാങ്ങാതെയാണ് കെ.എസ്.ഇ.ബി വൈദ്യുതി ലൈൻ വലിച്ചത് എന്ന് ഇവർ പറയുന്നു. ലൈൻ മാറ്റാൻ പലതവണ കെ.എസ്.ഇ.ബിയെ സമീപിച്ചപ്പോഴും വലിയ തുക ഒടുക്കാൻ ആയിരുന്നു നിർദേശം. ഇതോടെ തങ്കമണിയമ്മ നവകേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി. 18409 രൂപ അടക്കാൻ ആയിരുന്നു മറുപടി.

വസ്തുവിന്‍റെ മധ്യത്തിലൂടെ ഉള്ള വൈദ്യുതി ലൈൻ ഒഴിവാക്കാന്‍ വശത്ത് ഒരു പോസ്റ്റുകൂടി സ്ഥാപിക്കണം. ഇതിന്‍റെ ചെലവായാണ് വലിയ തുക ആവശ്യപ്പെട്ടിരിക്കുന്നത്. സമീപവാസികളുടെ സമ്മതപത്രം വേണമെന്നും മറുപടിയിൽ പറയുന്നു. ഇനി എവിടെ പരാതി നല്‍കണമെന്ന് അറിയാതെ വിഷമത്തിൽ ആണ് തങ്കമണിയമ്മയും കുടുംബവും.



Similar Posts