പത്മജയുടെ ബി.ജെ.പി പ്രവേശനം കാര്യമായി ബാധിക്കില്ലെന്ന വിലയിരുത്തലില്‍ കോണ്‍ഗ്രസ് നേതൃത്വം
|അതേസമയം ലീഡറുടെ സ്മൃതി മണ്ഡപവും മുരളീമന്ദിരവും നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ് പ്രവർത്തകർ
തൃശൂര്‍: പത്മജ വേണുഗോപാലിന്‍റെ ബി.ജെ.പി പ്രവേശനം കോൺഗ്രസിനെ കാര്യമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് തൃശൂരിലെ കോൺഗ്രസ് നേതൃത്വം. അതേസമയം ലീഡറുടെ സ്മൃതി മണ്ഡപവും മുരളീമന്ദിരവും നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ് പ്രവർത്തകർ.
മൂന്ന് ദിവസം മുമ്പ് നടന്ന കോൺഗ്രസ് പരിപാടിയിലടക്കം പങ്കെടുത്ത പത്മജ വേണുഗോപാലിൻ്റെ ബി.ജെ.പി പ്രവേശനം വ്യക്തിപരമായ താൽപര്യത്തിന് പുറത്താണെന്ന വിലയിരുത്തലിലാണ് തൃശൂരിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും. അതുകൊണ്ട് തന്നെ പത്മജയുടെ ചുവട് പിടിച്ച് നേതാക്കളോ പ്രവർത്തകരോ പാർട്ടി വിട്ടില്ലെന്നും നേതൃത്വം കണക്ക് കൂട്ടുന്നു. പത്മജ പാർട്ടി വിടുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ ടി.എൻ പ്രതാപൻ എം.പിയുടെ നേതൃത്വത്തിൽ പാർട്ടി നേതാക്കൾ കരുണാകരൻ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി. രാമനിലയത്തിൽ രാവിലെ ഡി.സി. സി പ്രസിഡൻ്റ് ജോസ് വള്ളൂരും പാർട്ടി നേതാക്കളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു പുഷ്പാർച്ചന. പത്മജയുടെ ബി.ജെ.പി പ്രവേശനത്തോട് നേതാക്കൾ പ്രതികരിക്കാൻ തയാറായില്ലെങ്കിലും തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ ഉണ്ടായ അപ്രതീക്ഷിത തിരച്ചടിയുടെ നിരാശ നേതാക്കളുടെ മുഖത്ത് ഉണ്ടായിരുന്നു.
പത്മജയുടെ ബി.ജെ.പി പ്രവേശനത്തിൽ നിരാശയുണ്ടെങ്കിലും ആരും ഒപ്പം പോകില്ലെന്നാണ് പാർട്ടി പ്രവർത്തകരുടെ പ്രതികരണം. എന്നാൽ പത്മജയുടെ പേരിലുള്ള ഭൂമിയിൽ സ്ഥിതിചെയ്യുന്ന ലീഡറുടെ സ്മൃതി മണ്ഡപവും പ്രവർത്തകരുടെ വികാരമായ മുരളീമന്ദിരവും നഷ്ടപ്പെടുമോ എന്ന ആശങ്ക കോൺഗ്രസ് പ്രവർത്തകർ മറച്ച് വെക്കുന്നില്ല.