സ്വപ്നയുടെ ആരോപണങ്ങൾക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം; പരാതിയുമായി കെ.ടി ജലീൽ, ആശയക്കുഴപ്പത്തിൽ പൊലീസ്
|എന്ത് കുറ്റകൃത്യത്തിലാണ് കേസെടുക്കേണ്ടെതെന്നതിലാണ് പൊലീസിന് അവ്യക്തത
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.ടി ജലീൽ പൊലീസിൽ പരാതി നൽകി. സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് ആരോപണം. പി.സി ജോർജും സ്വപ്നയും തമ്മിൽ നടന്ന ഗൂഢാലോചന അന്വേഷിക്കണമെന്നും തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. ഡി.ജി.പി അനില്‍കാന്തുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, കെ.ടി ജലീലിന്റെ പരാതിയില്‍ കേസെടുക്കുന്നതില്‍ പൊലീസ് ആശയക്കുഴപ്പത്തിലാണ്. എന്ത് കുറ്റകൃത്യത്തിലാണ് കേസെടുക്കേണ്ടെതെന്നതിലാണ് അവ്യക്തത. കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കുറ്റങ്ങൾ പരാതിയിലില്ല. അപകീർത്തിയിൽ സാധാരണ നിയമ നടപടി കോടതിയിലാണ് സ്വീകരിക്കുന്നത്. മേൽ ഉദ്യോഗസ്ഥരോട് ചർച്ച ചെയ്ത ശേഷം കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും പൊലീസ് അറിയിച്ചു.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെ പ്രതികരണവുമായി കെ.ടി ജലീല്‍ നേരത്തെ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും ഈ വിനീതന്റെയും ഒരു തുള്ളി ചോര നുണഞ്ഞ് കണ്ണടക്കാമെന്ന പൂതി ലോകാവസാനം വരെ നടക്കില്ലെന്നും അതിനു വെച്ച വെള്ളം കോലീബിക്കാരും വർഗ്ഗീയ വാദികളും ഇറക്കി വെക്കുന്നതാണ് നല്ലതെന്നുമാണ് കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.