കളമശ്ശേരി സ്ഫോടനം നടന്ന കൺവെൻഷൻ സെന്റർ വീണ്ടും പ്രവർത്തനമാരംഭിച്ചു
|കലൂർ സ്വദേശിയായ യുവാവിന്റെ വിവാഹമാണ് നടന്നത്
കൊച്ചി: കേരളത്തെ നടുക്കിയ കളമശ്ശേരി സ്ഫോടനം നടന്ന സമ്ര കൺവെൻഷൻ സെന്റർ വീണ്ടും പ്രവർത്തനമാരംഭിച്ചു. കലൂർ സ്വദേശിയായ യുവാവിന്റെ വിവാഹമാണ് കഴിഞ്ഞദിവസം കൺവെൻഷൻ സെന്ററിൽ നടന്നത്.
ഒക്ടോബർ 29ന് നടന്ന സ്ഫോടനത്തെ തുടർന്ന് പോലീസിന്റെ നിയന്ത്രണത്തിലായിരുന്ന കൺവെൻഷൻ സെന്റർ കോടതി ഉത്തരവിനെ തുടർന്നാണ് ഉടമസ്ഥർക്ക് വിട്ടുകൊടുത്തത്. കലൂർ സ്വദേശിയായ ഇമാം സാലി ഉൾപ്പെടെ 25 പേരായിരുന്നു സമ്ര കൺവെൻഷൻ സെന്റർ ബുക്ക് ചെയ്തിരുന്നത്.
യഹോവ സാക്ഷികളുടെ പ്രാർത്ഥനാ യോഗത്തിനിടെ ബോംബ് സ്ഫോടനം നടന്നതോടെ ഹാളിന്റെ നിയന്ത്രണം പോലീസ് ഏറ്റെടുത്തിരുന്നു. ഇതോടെ ബുക്ക് ചെയ്തിരുന്നവർ ബുക്കിങ് ഒഴിവാക്കി.
എന്നാൽ, മകന്റെ വിവാഹത്തിനായി ഹാൾ ബുക്ക് ചെയ്തിരുന്ന ഇമാം സാലി പിന്മാറിയില്ല. ഡിസംബർ 21 ന് ഉടമസ്ഥർ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയതോടെ പോലീസ് നിയന്ത്രണത്തിൽ ആയിരുന്ന കൺവെൻഷൻ സെന്റർ 22ന് ഉടമസ്ഥർക്ക് വിട്ടുനൽകി.
സ്ഫോടനത്തിൽ കൺവെൻഷൻ സെന്ററിന് കാര്യമായ കേടുപാടുകൾ ഉണ്ടായിരുന്നു. തറയോടുകളും കസേരകളും തകർന്നു. മേൽക്കൂരയും തകർന്നിരുന്നു.
പിന്നീട് യുദ്ധകാല അടിസ്ഥാനത്തിൽ അട്ടുകുറ്റപ്പണികൾ നടത്തിയാണ് വിവാഹത്തിനായി ഇന്നലെ കൺവെൻഷൻ സെന്റർ വിട്ടുനൽകിയത്. ഒക്ടോബർ 29നായിരുന്നു നാടിനെ നടുക്കിയ സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ എട്ടു പേരാണ് മരിച്ചത്.
Summary: The convention center where the Kalamassery blast took place has resumed operations