"പല വിഷയങ്ങളും തുറന്നുസംസാരിക്കാൻ കഴിയാത്ത സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്": മീന കന്ദസ്വാമി
|''ഇപ്പോൾ സെൻസർ ചെയ്യപ്പെടാത്ത രീതിയിൽ പല കാര്യങ്ങളും തുറന്നെഴുതാൻ സാധിക്കാറില്ല''
പല വിഷയങ്ങളും തുറന്നു സംസാരിക്കാൻ സ്വാതന്ത്ര്യമില്ലാത്ത കാലത്തിലൂടെയാണ് രാജ്യമിന്ന് കടന്നുപോകുന്നതെന്നും അത് വളരെ വലിയ വിപത്താണെന്നും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്ദസ്വാമി. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ 'എ റൈറ്റേർസ് പ്ലെയ്‌സ് ഇൻ ഡെമോക്രസി' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു മീന കന്ദസ്വാമി. പ്രിയ കെ.നായർ സംവാദത്തിൽ ആതിഥേയത്വം വഹിച്ചു. രാജ്യത്ത് ജനാധിപത്യം നേരിടുന്ന പ്രശ്നങ്ങൾ, പുരുഷാധിപത്യം, ജാതി വ്യവസ്ഥ തുടങ്ങിയ വിഷയങ്ങളിൽ ഇരുവരും സംവദിച്ചു.
ഗൗരി ലങ്കേഷിനെ പോലെയും കൽബുർഗിയെ പോലെയുമുള്ള എഴുത്തുകാർ അവരുടെ എഴുത്തുകൾ കാരണം കൊല്ലപ്പെട്ടു. ഇന്ത്യയിലെ നിലവിലെ സാഹചര്യം വീണ്ടും മോശമാകാൻ പോകുകയാണ്. ഇപ്പോൾ സെൻസർ ചെയ്യപ്പെടാത്ത രീതിയിൽ പല കാര്യങ്ങളും തുറന്നെഴുതാൻ സാധിക്കാറില്ല. പല പുസ്തകങ്ങളും സെൻസർ ചെയ്യപ്പെടുകയാണ്. അതുകൊണ്ടുതന്നെ ഇന്ന് കെ.എൽ.ഐ.ബി.എഫ് ഒരുക്കിയ വേദിയിൽ നിയന്ത്രണങ്ങളും ഉപാധികളുമില്ലാതെ സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മീന കന്ദസ്വാമി പറഞ്ഞു.