വിസിമാരുടെ വിഷയത്തില്‍ കോടതി തീരുമാനം എടുക്കുന്നത് വരെ ചാന്‍സലര്‍ക്ക് നടപടി എടുക്കാനാവില്ലെന്ന് കോടതി
|ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും
തിരുവനന്തപുരം: വിസിമാരുടെ വിഷയത്തില്‍ കോടതി തീരുമാനം എടുക്കുന്നത് വരെ ചാന്‍സലര്‍ക്ക് നടപടി എടുക്കാനാവില്ലെന്ന് കോടതി. ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ഇതുവരെ ഇടക്കാല ഉത്തരവ് തുടരും. ചാന്‍സലറും വിസിമാരും അറിയിച്ചതിനെ തുടര്‍ന്നാണ് ഹർജി മാറ്റിയത്.
ഇതിനിടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയ വൈസ് ചാൻസിലർമാർക്കായി ഗവർണർ നടത്തുന്ന ഹിയറിങ് നടക്കുകയാണ്. രാവിലെ പതിനൊന്നിന് രാജ്ഭവനിൽ ആരംഭിച്ച ഹിയറിംഗിൽ നാല് വി സി മാർ നേരിട്ട് പങ്കെടുത്തു. കേരള മുൻ വിസി- വി പി മഹാദേവൻപിള്ള, ഡിജിറ്റൽ സർവകലാശാല വി സി സജി ഗോപിനാഥ്, ഓപ്പൺ സർവകലാശാല വി സി ഡോ. മുബാറക് പാഷ, കുസാറ്റ് വി സി ഡോ. മധു എന്നിവർ നേരിട്ടെത്തി വിശദീകരണം നൽകി. അഭിഭാഷകനോടൊപ്പം ആണ് കുസാറ്റ് വി സി എത്തിയത്. കണ്ണൂർ, എംജി സർവകലാശാല വൈസ് ചാൻസലർമാർ ഹിയറിങ്ങിന് എത്തിയിരുന്നില്ല.
കാലിക്കറ്റ്, മലയാളം, സംസ്കൃതം സർവകലാശാല വിസി മാർക്ക് പകരം അഭിഭാഷകരാണ് ഹിയറിംഗിൽ പങ്കെടുക്കുന്നത്. കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രനോ അഭിഭാഷകനോ ഹിയറിങ്ങിന് എത്തില്ല എന്ന് രാജ്ഭവനെ അറിയിച്ചു. എംജി സർവകലാശാല വി സി ഡോക്ടർ സാബു തോമസ് റഷ്യൻ സന്ദർശനത്തിൽ ആയതിനാലാണ് ഹിയറിങിൽ പങ്കെടുക്കാത്തത്. ജനുവരി മൂന്നിന് അദ്ദേഹത്തിന് വേണ്ടിയുള്ള സ്പെഷ്യൽ ഹിയറിങ് നടക്കും. ഹിയറിങ്ങിനു ശേഷം വിശദമായ റിപ്പോർട്ട് രാജ്ഭവൻ ഹൈക്കോടതിക്ക് കൈമാറും. കോടതി വിധിക്ക് ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് ഗവർണറുടെ തീരുമാനം.