പന്ന്യന്റെ പേരിലുള്ള ഫൗണ്ടേഷൻ പ്രവർത്തനം അവസാനിപ്പിക്കണം, വ്യക്ത്യാരാധനയെന്ന് വിമര്‍ശനം
|രജിസ്ട്രേഡ് സംഘടനയല്ലെന്നും, കൂട്ടായ്മ മാത്രമാണെന്നുമായിരുന്നു പന്ന്യൻ രവീന്ദ്രൻറെ വിശദീകരണം, ഏതു തരത്തിലുള്ള കൂട്ടായ്മയാണെങ്കിലും അനുവദിക്കാനാവില്ലെന്നാണ് സംസ്ഥാന എക്സിക്യൂട്ടീവിൽ അംഗങ്ങൾ അറിയിച്ചത്
തിരുവനന്തപുരം: പന്ന്യന്‍ രവീന്ദ്രന്റെ പേരിലുള്ള ഫൗണ്ടേഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് സി.പി.ഐ നിര്‍ദേശം. വ്യക്ത്യാരാധനയുടെ പേരിലുള്ള സംഘടനയെ അംഗീകരിക്കാനാവില്ലെന്ന് അംഗങ്ങള്‍ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ അറിയിച്ചു. വ്യക്തികേന്ദ്രീകൃതമായ രീതികള്‍ ശരിയല്ലെന്നും സംസ്ഥാന എക്സിക്യുട്ടീവില്‍ വിമർശനം ഉയർന്നു.
അതേസമയം, രജിസ്ട്രേഡ് സംഘടനയല്ലെന്നും, കൂട്ടായ്മ മാത്രമാണെന്നുമായിരുന്നു പന്ന്യന്‍ രവീന്ദ്രന്റെ വിശദീകരണം. എന്നാല്‍, ഏതു തരത്തിലുള്ള കൂട്ടായ്മയാണെങ്കിലും അനുവദിക്കാനാവില്ലെന്ന് അംഗങ്ങള്‍ വ്യക്തമാക്കി.
തൃക്കാക്കര മണ്ഡലത്തിലെ എല്‍.ഡി.എഫ് പ്രചാരണ രീതിക്കെതിരെയും സംസ്ഥാന എക്സിക്യൂട്ടീവിൽ വിമര്‍ശനമുയര്‍ന്നു. മണ്ഡലത്തിന്റെ സ്വഭാവം മനസിലാക്കാതെയാണ് പ്രചാരണം നടന്നത്. എത്ര വലിയ പ്രചാരണം നടന്നാലും അവിടെ ജയിക്കില്ലെന്ന് മനസിലാക്കാന്‍ കഴിഞ്ഞില്ല. എൽ.ഡി.എഫ് വോട്ടുകൾ പോലും മണ്ഡലത്തില്‍ നഷ്ടമായി. ഇടത് വിരുദ്ധ വോട്ടുകൾ യു.ഡി.എഫിന് അനുകൂലമായി ഏകോപിപ്പിച്ചപ്പോള്‍ തോൽവിയുടെ ആക്കം കൂടിയെന്നും എക്സിക്യൂട്ടീവ് വിലയിരുത്തി.