Kerala
The CPI leader threatened the officials
Kerala

'തഹസിൽദാരെ വീട്ടിലിരുത്തും'; കയ്യേറ്റമൊഴിപ്പിക്കാനെത്തിയവർക്കെതിരെ സിപിഐ നേതാവിൻ്റെ ഭീഷണി

Web Desk
|
20 Jun 2024 8:07 AM GMT

സർക്കാർ ഭൂമിയിൽ നിർമിച്ച ഷെഡ് പൊളിക്കാനെത്തിയപ്പോഴായിരുന്നു ഭീഷണി

ഇടുക്കി: മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയ റവന്യൂ ഉദ്യോ​ഗസ്ഥർക്ക് സി.പി.ഐ നേതാവിന്റെ ഭീഷണി. ദേവികുളം ലോക്കൽ സെക്രട്ടറി ആരോഗ്യദാസാണ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. സർക്കാർ ഭൂമിയിൽ നിർമിച്ച ഷെഡ് പൊളിക്കാനെത്തിയപ്പോഴായിരുന്നു ഭീഷണി. പരിശോധിക്കുമെന്ന് സി.പി.ഐ ജില്ലാ നേതൃത്വം വ്യക്തമാക്കി.

സർവെ നമ്പർ 20/1ൽ പെടുന്ന ഭൂമിയിൽ മൂന്നാർ സ്വദേശി ഗണേശൻ നിർമിച്ച താൽക്കാലിക ഷെഡ് ഒഴിയണമെന്ന് റവന്യൂ വകുപ്പ് നിർദേശം നൽകിയിരുന്നു. ഇതവഗണിച്ചതോടെയാണ് ഉദ്യോഗസ്ഥരെത്തിയത്. ഒഴിപ്പിക്കൽ നടപടികൾക്കിടെ സ്ഥലത്തെത്തിയ സി.പി.ഐ ദേവികുളം ലോക്കൽ സെക്രട്ടറി ആരോഗ്യ ദാസ് റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ തിരിഞ്ഞു. തഹസീദാർ അടക്കമുള്ളവരെ വീട്ടിലിരുത്തുമെന്നും നടപടിയെടുത്താൽ ഉദ്യോഗസ്ഥരുടെ പേരെഴുതി കൊടുക്കുമെന്നുമായിരുന്നു ഭീഷണി.

പരിശോധിച്ച് നടപടിയെടുക്കുമെന്ന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.സലിം കുമാർ പറഞ്ഞു. സംഭവം വിവാദമായതോടെ വിശദീകരണവുമായി ആരോഗ്യ ദാസും രംഗത്തെത്തി. ഏതാനും നാളുകൾക്ക് മുമ്പ് കയ്യേറ്റമൊഴിപ്പിച്ച ഡെപ്യൂട്ടി തഹസീൽദാരെ സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നിലും സി.പി.ഐ പ്രാദേശിക നേതൃത്വമുണ്ടായിരുന്നെന്ന സൂചനയും ആരോഗ്യദാസിൻ്റെ വാക്കുകളിലുണ്ട്.

Related Tags :
Similar Posts