സി.പി.എം വേട്ടയാടിക്കൊണ്ടിരിക്കുന്ന പഴയ സഹപ്രവര്‍ത്തകയെ സഹായിക്കണം; വീണ ജോര്‍ജിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍
|സ്വന്തമായി വാങ്ങിയ ഭൂമിയിൽ വീട് വെച്ച് താമസിക്കുവാൻ കഴിയാത്ത സാഹചര്യത്തെ വരെ സഹിച്ച് ജീവിക്കുന്ന ആ കുടുംബത്തെ ഇനിയും വേട്ടയാടുവാൻ അനുവദിക്കരുത്
സി.പി.എമ്മും ദേശാഭിമാനിയും വേട്ടയാടിക്കൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തക വിനീത വേണുവിനെ സഹായിക്കണമെന്ന് മന്ത്രി വീണ ജോര്‍ജിനോട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. മുൻകാല മാധ്യമപ്രവർത്തകയായ താങ്കൾക്ക് താങ്കളുടെ പ്രൊഫഷണൽ കമ്മ്യൂണിറ്റിയുടെ ഭാഗമായ ഈ സ്ത്രീയുടെ ബുദ്ധിമുട്ടുകൾ മനസിലാകുമെന്നും, ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടുമെന്നും വിശ്വസിക്കുന്നുവെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്
ബഹുമാനപ്പെട്ട കേരളത്തിന്റെ വനിത- ശിശുക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ്ജ് അറിയുവാൻ, "ഇനിയും വേട്ടയാടി മതിയായില്ലെങ്കിൽ കാൾടെക്സ് ജംഗ്ഷനിൽ വന്ന് നിൽക്കാം. തല ഉയർത്തിപ്പിടിച്ച് തന്നെ. ഞങ്ങളും കുഞ്ഞുങ്ങളും. ഒറ്റവെട്ടിന് തീർത്തേക്കണം" ഇന്ത്യാവിഷനിലെ താങ്കളുടെ പഴയകാല സഹപ്രവർത്തകയായ സ്ത്രീയ്ക്ക് ഹൃദയവേദനയോടു കൂടി എഴുതിയ കുറിപ്പിലെ പ്രസക്തമായ വാക്കുകളാണിത്.
കേരളത്തിലെ ദൃശ്യമാധ്യമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മാധ്യമ പ്രവർത്തകയാണ് വിനീത വേണു. നീതിയുടെ പക്ഷത്ത് നിന്ന് വാർത്തകൾ റിപോർട്ട് ചെയ്യാൻ ശ്രമിച്ചിരുന്ന മാധ്യമ പ്രവർത്തക. കേരളീയ മനസ്സാക്ഷിയെ ഞെട്ടിച്ച ഷുഹൈബിന്റെ രാഷ്ട്രീയക്കൊലയിൽ അതിന്റെ ഉള്ളറകളും അതിൽ സി പി എം കേന്ദ്രങ്ങൾക്കുള്ള പങ്കും സത്യസന്ധമായി പറഞ്ഞതിന് ശേഷം നടക്കുന്ന ഈ ക്വട്ടേഷൻ അത്യന്തം ഹീനമാണ്. അവരുടെ റിപ്പോർട്ടുകളോടുള്ള ജയരാജന്മാരുടെയും, ആകാശ് തില്ലങ്കേരിയുടെയുമൊക്കെ അസഹിഷ്ണുതയുടെ പ്രതിഫലനമായ പല ബോക്സ് ന്യൂസുകളും ദേശാഭിമാനിയിൽ അക്കാലത്ത് തന്നെ വിനിതയ്ക്കെതിരെ വന്നിരുന്നു.
മംഗലാപുരത്തെ സദാചാരസേന പോലും ലജ്ജിച്ചു പോകുന്ന സദാചാര ഗുണ്ടായിസം സി.പിഎം പാർട്ടിയും അവരുടെ ജിഹ്വയായ ദേശാഭിമാനിയും അനേകം തവണ നടത്തിയിട്ടുണ്ട്, അതിന് ചെറുതും വലുതുമായ അനേകം ഉദാഹരണങ്ങൾ നമുക്ക് ചൂണ്ടിക്കാട്ടാനുണ്ട്.
എം വി ഗോവിന്ദൻ മാഷിന്റെ സഹധർമ്മിണിയും സഖാവുമായ ശ്യാമള ചെയർപേഴ്സണായ ആന്തൂർ മുൻസിപ്പാലിറ്റിയുടെ റെഡ് ടേപ്പിൽ കുടുങ്ങി ആത്മഹത്യ ചെയ്ത സാജന്റെ മരണത്തിൽ ദേശാഭിമാനിയുടെ ഒളികാമറ പോയത് സാജന്റെ ഡ്രൈവറുടെ ഫോണിലേക്കാണ്. സാജന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യും മുമ്പേ ഭാര്യയുടെ സദാചാര ട്രാക്കിനെക്കുറിച്ച് സംസാരിക്കാൻ 51 വെട്ട് വെട്ടി കൊല്ലുന്ന ഒരു പ്രസ്ഥാനത്തിന്റെ പത്രത്തിനേ സാധിക്കൂ. സഖാവായിരുന്ന ടി.പിയെക്കൊന്നിട്ട് രമയുടെ അവിഹിതമന്വേഷിച്ച് പോയ ദേശാഭിമാനിയുടെ അപമാനക്കഥകൾ ഇപ്പോഴും നമ്മൾ മറന്നിട്ടില്ല. ദേശാഭിമാനി ക്വട്ടേഷനെടുത്ത് ഇല്ലാക്കഥകൾ മെനഞ്ഞ നിരവധി ഉദാഹരണങ്ങളുണ്ട്. വിനീത കോട്ടായി അടക്കമുള്ള നിരവധി ഉദാഹരണങ്ങൾ. പാർട്ടിയിൽ വെട്ടി നിരത്തുവാൻ അവിഹിതം ചമച്ചും സ്വകാര്യ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കിയും തകർത്ത അനേകം സഖാക്കളുള്ള പാർട്ടിയാണ് സി.പിഎം.
ഗോപി കോട്ടമുറിക്കലിന്റെ കഥകളൊന്നും നമ്മളാരും മറന്നിട്ടില്ലല്ലോ.പുരോഗമനത്തെക്കുറിച്ച് സംസാരിക്കുകയും മനുഷ്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞ് നോക്കുകയും ചെയ്യുന്ന ദേശാഭിമാനിയെപ്പോലെ മറ്റൊരു അശ്ലീലം കേരളത്തിലെ മാധ്യമ മേഖലയ്ക്ക് അപമാനമാണ്. ആ പത്രം തന്നെയാണ് വിനിതയുടെ ഭർത്താവും, പോലീസ് അസോസിയേഷനിൽ UDF അനുകൂലിയുമായ വ്യക്തിക്കെതിരെ മോറൽ പോലീസിംഗ് നടത്തി വാർത്ത കൊടുത്തിരിക്കുന്നത്. ദേശാഭിമാനിയിലെ വാർത്തയിൽ ഒരു വാക്കാണ് "അസമയം'', അത് ഏത് സമയമാണെന്ന് ഇടതുപക്ഷ 'പുരോഗമനവാദികൾ' ഒന്നു പറഞ്ഞ് തരണം. ആ വാർത്ത വന്ന ഇരിട്ടി ലേഖകന്റെ മകൻ സദാചാര ഗുണ്ടായിസത്തിനെതിരായി കേരളം ചർച്ച ചെയ്ത ഒരു സിനിമയുടെ സംവിധായകനാണ്. സമയം കിട്ടുമ്പോൾ മകന്റെ ആ സിനിമയൊന്ന് കാണണം, എന്നിട്ട് മകൻ സിനിമയിലൂടെ പറഞ്ഞ ആ നല്ല ആശയത്തെ ഉൾക്കൊണ്ട് തെറ്റ് തിരുത്തണം. ദേശാഭിമാനിയുടെ വാർത്ത ഏറ്റുപിടിച്ച ജയരാജ സേനയുടെ നേതൃത്വത്തിൽ നടത്തുന്ന സൈബർ ബുളളിയിംഗ് ക്രൂരമാണ്. വിനിതയും ഭർത്താവും ഒന്നിച്ചുള്ള ചിത്രം പ്രചരിപ്പിച്ചാണ് ഇവർ തമ്മിൽ "അവിഹിതമാണ്'' എന്ന് സ്ഥാപിക്കുന്നത്! ഇനി ആ പുരുഷന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാൽ പോലും അതിൽ വിനിതയ്ക്കില്ലാത്ത വേവലാതിയെന്തിനാണ് ദേശാഭിമാനിക്ക്.
ശ്രീമതി വീണ മന്ത്രിയായപ്പോൾ, എന്റെ കൂടി സുഹൃത്തായ ഒരു മാധ്യമ പ്രവർത്തക എഴുതിയ ഒരു അഭിനന്ദന കുറിപ്പുണ്ടായിരുന്നു, താങ്കൾ മക്കളെ സ്കൂളിലാക്കിയ ശേഷം ചാനലിൽ എത്തുന്നതിനെ പറ്റിയും, ഇടയ്ക്കൊക്കെ മക്കളെ ഓഫിസിൽ കൊണ്ടുവരുന്നതിനെ പറ്റിയുമൊക്കെ. അതുപോലെ സ്വന്തം മക്കളെ എടുത്തു കൊണ്ട് ജോലിക്ക് പൊയ്ക്കൊണ്ടിരുന്ന സ്ത്രീയാണ് വിനിതയും. ആ സ്ത്രീയ്ക്കാണ് താങ്കൾ വനിതാ ക്ഷേമത്തിന്റെ വകുപ്പ് മന്ത്രിയായിരിക്കുന്ന നാട്ടിൽ, താങ്കളുടെ തന്നെ പാർട്ടിക്കാരുടെ മാനസിക പീഡനങ്ങളും, ഭീഷണികളും കാരണം ജോലിക്ക് പോകുവാൻ കഴിയാതെയിരിക്കുന്നത്.
രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലും, ഭാര്യയുടെ തൊഴിലിന്റെ പേരിലും ചെറിയ കാലയളവിൽ ഏഴ് ട്രാൻസ്ഫർ ചട്ടവിരുദ്ധമായി ലഭിച്ച ഒരു പോലീസുകാരനാണ് വിനിതയുടെ ഭർത്താവ്. അതുൾപ്പെടെ, സ്വന്തമായി വാങ്ങിയ ഭൂമിയിൽ വീട് വെച്ച് താമസിക്കുവാൻ കഴിയാത്ത സാഹചര്യത്തെ വരെ സഹിച്ച് ജീവിക്കുന്ന ആ കുടുംബത്തെ ഇനിയും വേട്ടയാടുവാൻ അനുവദിക്കരുത്. മുൻകാല മാധ്യമപ്രവർത്തകയായ താങ്കൾക്ക് താങ്കളുടെ പ്രൊഫഷണൽ കമ്മ്യൂണിറ്റിയുടെ ഭാഗമായ ഈ സ്ത്രീയുടെ ബുദ്ധിമുട്ടുകൾ മനസിലാകുമെന്നും, ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടുമെന്നും വിശ്വസിക്കുന്നു.