രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു
|മോഷണം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് മുന്‍പ് നടന്ന സ്വർണകടത്തും ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും പരിശോധിക്കും
രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു. മോഷണം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് മുന്‍പ് നടന്ന സ്വർണകടത്തും ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും പരിശോധിക്കും. മലപ്പുറം ക്രൈം എസ്.പി കെ.വി സന്തോഷ് കുമാറാണ് കേസുകൾ അന്വേഷിക്കുക. ഭീകരവിരുദ്ധ സ്ക്വാഡിനും അന്വേഷണത്തെ സഹായിക്കാനുള്ള ചുമതലയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ പ്രതി അർജുൻ ആയങ്കിയെ തെളിവെടുപ്പിനായി കൊണ്ടുപോയി.കണ്ണൂരിലേക്കാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ അർജുനെ തെളിവെടുപ്പിനു കൊണ്ടു പോയിരിക്കുന്നത്. അർജുന്റെ വീട്ടിലടക്കം എത്തിച്ച് തെളിവെടുക്കും.അർജുന്റെ മൊബൈൽ ഫോൺ കണ്ടെടുക്കുകയാണ് കസ്റ്റംസിന്റെ ലക്ഷ്യം.
പ്രതി ഷെഫീഖിന്റെ മൊഴിയിൽ പറയുന്ന സലിം,ജലീൽ, മുഹമ്മദ് എന്നിവരെയും ഉടൻ ചോദ്യം ചെയ്യലിന് വിളിപ്പിക്കും. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചു പോകുന്നതിനിടെ മൊബൈൽ ഫോൺ പുഴയിൽ നഷ്ടപ്പെട്ടു എന്നാണ് അർജുൻ ആയങ്കരിയുടെ മൊഴി. ഈ ഫോൺ വീണ്ടെടുക്കുകയാണ് കസ്റ്റംസിന്റെ ലക്ഷ്യം. സ്വർണം കൊണ്ടുവന്ന മുഹമ്മദ് ഷെഫീഖും അർജുൻ ആയങ്കരിയും തമ്മിലുള്ള ഫോൺ വിളികളും വാട്സ്ആപ് സന്ദേശങ്ങളും ഈ ഫോണിലാണ് ഉള്ളത്. സ്വർണം കടത്തികൊണ്ടു വരുന്നതിന് മുൻപ് നിരവധി തവണ ഇവർ തമ്മിൽ സംസാരിച്ചിരുന്നതായി കസ്റ്റംസിന് തെളിവ് ലഭിക്കുകയും ചെയ്തിരുന്നു. പിടിയിലായെന്ന് ഷെഫീഖ് ആദ്യം അറിയിച്ചതും അർജുൻ ആയങ്കരിയെ ആണ്. ഷെഫീഖിന്റെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് ഈ വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചത്.