നടിയെ ആക്രമിച്ച കേസ്; കാവ്യയെ ചോദ്യം ചെയ്താല്‍ നിർണായക മൊഴികൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ ക്രൈംബ്രാഞ്ച്
|സുരാജിന്റെ ഫോണില്‍ നിന്നും ലഭിച്ച ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ ഉടനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതോടെ നിർണായക മൊഴികൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ ആണ് ക്രൈംബ്രാഞ്ച്. സുരാജിന്റെ ഫോണില്‍ നിന്നും ലഭിച്ച ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ ഉടനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണസംഘം കാവ്യക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നാട്ടിൽ ഇല്ലാത്തതിനാൽ സാവകാശം വേണമെന്ന മറുപടിയാണ് കാവ്യ നൽകിയത്.
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിൽ ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കാവ്യ മാധവനെ ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിന് സൗകര്യം തേടിയപ്പോൾ ചെന്നൈയിൽ ആണെന്ന് കാവ്യ മറുപടി നൽകിയിരുന്നു. അടുത്ത ആഴ്ച നാട്ടിൽ തിരികെയെത്തുമെന്ന് അറിയിച്ചതായും പ്രോസിക്യൂഷൻ പറഞ്ഞു.
കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പല ദിവസങ്ങളിൽ കണ്ടതായി വിവരങ്ങള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവിൽ മാറ്റം വന്നിട്ടുണ്ടെന്നും തുടരന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശം ഉണ്ടെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ സ്ഥിരീകരിക്കുന്ന വസ്തുതകൾ ലഭിച്ചുവെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്.