തൃശ്ശൂർ മരംകൊള്ള: ക്രൈംബ്രാഞ്ച് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു
|സംസ്ഥാനത്തെ മരംമുറി അന്വേഷിക്കുന്ന ഉന്നതതല സംഘം ഇന്നലെ തൃശ്ശൂരിലെത്തി രേഖകൾ പരിശോധിച്ചിരുന്നു.
തൃശ്ശൂർ മരം കൊള്ളയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. മോഷണകുറ്റം ചുമത്തിയാണ് കേസ്സെടുത്തത്. മരംകൊള്ളയില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തെ കുറിച്ച് അറിയില്ലെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു.
മരം കൊള്ള നടന്ന പ്രദേശങ്ങളിലെ യു.ഡി.എഫ് സംഘത്തിന്റെ സന്ദർശനം തുടരുകയാണ്. ജൂൺ 24ന് ആയിരം കേന്ദ്രങ്ങളിൽ യു.ഡി.എഫ് ധർണ നടത്തുമെന്ന് കൺവീനർ എം എം ഹസ്സൻ പറഞ്ഞു.
സംസ്ഥാനത്തെ മരംമുറി അന്വേഷിക്കുന്ന ഉന്നതതല സംഘം ഇന്നലെ തൃശ്ശൂരിലെത്തി രേഖകൾ പരിശോധിച്ചിരുന്നു. തുടർന്നാണ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തത്. ഭൂവുടമകളിൽ നിന്നും മരം വാങ്ങി മില്ലുടമകൾക്ക് വിറ്റ മരകച്ചവടക്കാർക്കെതിരെയയാണ് കേസ്. സംഭവത്തിൽ വനം വകുപ്പ് 38 കേസ്സുകൾ എടുത്തു. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു
ഇടുക്കിയില്‍ മരംകൊള്ള നടന്ന പ്രദേശങ്ങളിലെത്തിയ ബെന്നി ബഹനാന്റെ നേതൃത്വത്തിലുള്ള സംഘം ഹൈക്കോടതി മേല്‍ നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവർത്തിച്ചു. തൃശൂരില്‍ മരം കൊള്ള നടന്ന പ്രദേശങ്ങള്‍ സന്ദർശിച്ച എം.പിമാരായ ടി.എന്‍ പ്രതാപന്‍, രമ്യ ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തേക്കിന്‍ തൈകള്‍ നട്ട് പ്രതിഷേധിച്ചു.