Kerala
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും
Kerala

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

Web Desk
|
24 Jan 2024 2:24 PM GMT

അനീഷ്യയുടെ മരണത്തിൽ സഹപ്രവർത്തകനും മേലുദ്യോഗസ്ഥനും പങ്കുണ്ട് എന്ന ആരോപണം ഉയർന്നിരുന്നു

കൊല്ലം: കൊല്ലം പരവൂരിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യയിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കൊല്ലം സിറ്റി ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് കമ്മീഷണർ ഉത്തരവിറക്കി. അനീഷ്യയുടെ മരണത്തിൽ സഹപ്രവർത്തകനും മേലുദ്യോഗസ്ഥനും പങ്കുണ്ട് എന്ന ആരോപണം ഉയർന്നിരുന്നു.

സംഭവത്തിൽ ആരോപണ വിധേയർക്കെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകർ ഇന്നലെ കോടതി ബഹിഷ്കരിച്ചിരുന്നു. അനീഷ്യയെ ജീവനൊടുക്കുന്നതിലേക്ക് നയിച്ചത് മേൽ ഉദ്യോഗസ്ഥരുടെയും സഹപ്രവർത്തകന്‍റെയും മാനസിക പീഡനമെന്നാണ് ഉയരുന്ന ആരോപണം.

ഞായറാഴ്ചയാണ് അനീഷ്യ ജീവനൊടുക്കിയത്. പരവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ കൃത്യമായ നടപടിയെടുക്കാൻ സാധിച്ചിട്ടില്ലെന്നാണ് അനീഷ്യയുടെ കുടുംബത്തിന്റെ ആരോപണം. വിഷയത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. നാളെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധത്തിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടെയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയതായി സിറ്റി പോലീസ് കമ്മീഷണർ ഉത്തരവിറക്കിയത്. എസിപി സക്കറിയ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇനി കേസ് അന്വേഷിക്കുക.

അനീഷ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മേൽ ഉദ്യോഗസ്ഥരുടെ മാനസിക പീഡനം സംബന്ധിച്ച തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ ബാർ അസോസിയേഷൻ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും കടുത്ത മാനസിക സമ്മർദ്ദം പതിവായിരുന്നുവെന്ന് വ്യക്തമാക്കുന്ന അനീഷ്യയുടെ ഡയറിയും ശബ്ദസന്ദേശവും പൊലീസിന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ആരോപണ വിധേയരായ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനെയും സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ബാർ അസോസിയേഷന്‍റെ ആവശ്യം.

നിലവിലെ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷന്‍റെ അന്വേഷണത്തിന് പകരം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നേരിട്ട് അന്വേഷണം നടത്തണമെന്നും കൊല്ലം ബാർ അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ ബാർ അസോസിയേഷൻ അടിയന്തര യോഗം ചേർന്നാണ് സംഭവത്തിൽ തുടർനടപടികൾ തീരുമാനിച്ചത്. നിയമപരമായി മുന്നോട്ടു പോകാൻ ഒരുങ്ങുന്ന അനീഷ്യയുടെ കുടുംബത്തിന് പൂർണ പിന്തുണ നൽകുമെന്നും ബാർ അസോസിയേഷൻ അറിയിച്ചിട്ടുണ്ട്.

Similar Posts