കുഞ്ഞിനെ കടത്താന്‍ കൂട്ടുനിന്നെന്ന അനുപമയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് സി.ഡബ്ള്യൂ.സി അധ്യക്ഷ
|നിയമപരമായും സുതാര്യമായും മാത്രമാണ് കാര്യങ്ങൾ ചെയ്‍തിട്ടുള്ളത്
തന്‍റെ കുഞ്ഞിനെ കടത്തുന്നതിൽ ശിശുക്ഷേമ സമിതിയും കൂട്ടുനിന്നെന്ന അനുപമയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സി.ഡബ്ള്യൂ.സി അധ്യക്ഷ എൻ. സുനന്ദ. നിയമപരമായും സുതാര്യമായും മാത്രമാണ് കാര്യങ്ങൾ ചെയ്‍തിട്ടുള്ളത്. ഏപ്രിൽ മാസത്തിൽ അനുപമയ്ക്ക് സിറ്റിങിന് സമയം അനുവദിച്ചെങ്കിലും ഹാജരായില്ല. ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നും സുനന്ദ മീഡിയവണിനോട് പറഞ്ഞു.
അനുപമയുടെ ആവശ്യപ്രകാരം അപ്പോൾ ഉണ്ടായിരുന്ന കുട്ടിയുടെ ഡി.എന്‍.എ ടെസ്റ്റ് നടത്തിയിരുന്നു. നേരത്തെ എത്തിയിരുന്നെങ്കിൽ രണ്ട് കുട്ടികളുടെയും ടെസ്റ്റ് ചെയ്യാമായിരുന്നു. ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങളിൽ കഴമ്പില്ല. അനുപമയ്ക്ക് നിയമപരമായി മുന്നോട്ടുപോകാമെന്നും സുനന്ദ പറഞ്ഞു.
അതേസമയം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ അമ്മ അനുപമയ്ക്ക് ഒപ്പമെന്ന് സി.പി.എം ജില്ലാ നേതൃത്വം. അനുപമയ്ക്ക് കുഞ്ഞിനെ ലഭിക്കണമെന്നാണ് പാർട്ടി നിലപാട് . പാർട്ടിക്ക് പ്രശ്നം പരിഹരിക്കാൻ സാധിക്കില്ലെന്ന് അറിയിച്ചിരുന്നു. അനുപമയുടെ അച്ഛൻ ജയചന്ദ്രന്‍റെ നിലപാട് പാർട്ടി ന്യായീകരിക്കില്ല . അജിത്തിനെ ഭീഷണിപ്പെടുത്തിയെന്ന വാർത്ത ശരിയല്ലെന്നും അജിത്തിന്‍റെ പിതാവുമായി മാത്രമാണ് സംസാരിച്ചതെന്നും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു.