Kerala
The danger of spreading; KSEB took action after Mediaone news
Kerala

'പടർന്നു കയറുന്ന അപകടം'; മീഡിയവൺ വാർത്തക്ക് പിന്നാലെ നടപടിയുമായി കെ.എസ്.ഇ.ബി

Web Desk
|
18 Jun 2024 12:04 PM GMT

വള്ളിച്ചെടികൾ പടർന്നു കയറുന്നത് തടയാൻ കെ.എസ്.ഇ.ബി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും

തിരുവനന്തപുരം: മീഡിയവൺ അന്വേഷണം 'പടർന്നു കയറുന്ന അപകടം'- വാർത്തക്ക് പിന്നാലെ നടപടിയുമായി കെ.എസ്.ഇ.ബി. വൈദ്യുതി പോസ്റ്റിലേക്ക് പടർന്നു കയറിയ വള്ളിച്ചെടികൾ കെ.എസ്.ഇ.ബി നീക്കം ചെയ്യുന്നു. വള്ളിച്ചെടികൾ പടർന്നു കയറുന്നത് തടയാൻ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. മഴ സമയത്ത് വൻ അപകടങ്ങളിലേക്ക് നയിക്കാവുന്ന തരത്തിലായിരുന്നു ചെടികളുടെ വളർച്ച.

ഇലക്ട്രിക് പോസ്റ്റുകളിലും ലൈനുകളിലും വള്ളിച്ചെടികൾ പടർന്നു പിടിക്കുന്ന വാർത്ത മീഡിയവൺ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം ന​ഗരത്തിൽ കെ.എസ്.ഇ.ബി വള്ളിച്ചെടികൾ നീക്കം ചെയ്യുന്നത്. വാർത്ത ശ്ര​​ദ്ധയിൽപ്പെട്ട ഉടൻ തന്നെ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ പറഞ്ഞിരുന്നു.

കഴിഞ്ഞ മാസം 20നാണ് കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി 19 വയസ്സുള്ള റിജാസ് പി ഷോക്കേറ്റ് മരിച്ചത്. മഴ നനയാതിരിക്കാനായി തൊട്ടടുത്തുള്ള ഷെഡിലേക്ക് കയറി നിൽക്കുമ്പോൾ ഇരുമ്പ് തൂണിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. കെ.എസ്.ഇ.ബിയുടെ സർവീസ് വയറിൽ നിന്നുണ്ടായ ചോർച്ച കാരണമാണ് തൂണിലേക്ക് വൈദ്യുതി പ്രവഹിച്ചതെന്ന് കണ്ടെത്തി.

ചക്കിട്ടപ്പാറ സ്വദേശിയായ 63 വയസ്സുള്ള സരോജിനിക്ക് റേഷൻ കടയിലേക്ക് പോകുന്ന വഴി കമ്പിവേലിയിൽ നിന്നാണ് ഷോക്കേറ്റത്. വേലിയിലൂടെ ലൈനിലേക്ക് വള്ളിച്ചെടികൾ പടർന്നിരുന്നു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ അഭ്യർത്ഥനയെ തുടർന്നാണ് കേസ് പിൻവലിച്ചത്. ഈ രണ്ട് അപകടങ്ങളും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് അജ്ഞാതൻ പരാതി നൽകിയിരുന്നു.

Related Tags :
Similar Posts