അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും
|രാജ്യത്ത് കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമാണോയെന്ന ചോദ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ടിരുന്നു
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് തിയതി ഇന്ന് ഇലക്ഷൻ കമ്മീഷൻ പ്രഖ്യപിക്കും. വൈകീട്ട് 3:30 നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം. രാജ്യത്ത് കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമാണോയെന്ന ചോദ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ടിരുന്നു. എന്നാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവാൻ തന്നെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
പഞ്ചാബ്, ഗോവ, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം തേടിയിരുന്നു. തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യം രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളൊന്നും ആവശ്യപ്പെട്ടിട്ടില്ല. ഇതിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ അഞ്ച് സംസ്ഥാനങ്ങൾ സന്ദർശിച്ചിരുന്നു. ഈ സന്ദർശനത്തിന്റെ അടിസ്ഥാനത്തിലും നിലവിലെ കോവിഡ് സാഹചര്യം വിലയിരുത്തിയുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ തീരുമാനത്തിലെത്തിയിരിക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി സുസജ്ജമായിരിക്കുകയാണ് രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം. രാജ്യം ഉറ്റു നോക്കുന്ന അതി നിർണായകമായ തെരഞ്ഞെടുപ്പ് കൂടിയാണ് നടക്കാനിരിക്കുന്നത്.