സിദ്ദീഖിന്റെ മൃതദേഹത്തിന് ഏഴുദിവസത്തെ പഴക്കം; കൊലയ്ക്ക് പിന്നിൽ വ്യക്തിപരമായ കാരണങ്ങളെന്ന് പൊലീസ്
|സിദ്ദീഖിനെ കൊലപ്പെടുത്തിയെന്നും രണ്ടു ബാഗുകളിലായി അട്ടപ്പാടി ചുരത്തിൽ തള്ളിയെന്നും പ്രതികൾ സമ്മതിച്ചു
മലപ്പുറം: തിരൂർ സ്വദേശിയും കോഴിക്കോട്ടെ ചിക് ബേക് ഹോട്ടൽ ഉടമയുമായ ഏഴൂർ മേച്ചേരി സിദ്ദീഖിന്‍റെ കൊലപാതകത്തിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായി മലപ്പുറം എസ്പി സുജിത്ത് ദാസ്. പിടിയിലായ മൂന്നുപേരും കൊലപാതകത്തിൽ പങ്കാളികളായെന്നും വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. മൃതദേഹത്തിന് ഏഴുദിവസത്തെ പഴക്കമുണ്ടെന്നാണ് കണ്ടെത്തൽ.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സിദ്ദീഖിനെ കാണാതായത്. കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദാരുണവും വിചിത്രവുമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. വ്യാഴാഴ്ച സിദ്ദീഖ് വീട്ടിൽ നിന്നിറങ്ങിയെങ്കിലും മകൻ പൊലീസിൽ പരാതി നൽകിയത് ഞായറാഴ്ചയാണ്. സാധാരണ കോഴിക്കോട് ഹോട്ടലിൽ പോയി ദിവസങ്ങൾ കഴിഞ്ഞാണ് വരാറുള്ളത്. ഞായറാഴ്ച തിരിച്ചെത്താതിരുന്നതിനെ തുടർന്ന് പരാതി നൽകുകയായിരുന്നു. പൊലീസ് പലവിധേന അന്വേഷണം തുടങ്ങിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
ഇതിനിടെ സിദ്ദീഖിന്റെ ബാങ്ക് അക്കൗണ്ട് പൊലീസ് പരിശോധിച്ചു. പുളിക്കൽ, അങ്ങാടിപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിൽ നിന്നായി രണ്ടു ലക്ഷത്തോളം രൂപ പിൻവലിച്ചതായി കണ്ടെത്തി. ഈ എ.ടി.എമ്മുകളിലെ സി.സി.ടിവി. പൊലീസ് പരിശോധിച്ചു. എല്ലായിടത്തും ഹോട്ടലിലെ മുൻ ജീവനക്കാരനായ പാലക്കാട് സ്വദേശി ഷിബിലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഷിബിലി ചെന്നൈയിലുണ്ടെന്ന് വ്യക്തമായി. തുടർന്ന് ഷിബിലിയേയും കൂടെയുണ്ടായിരുന്ന ഫർഹാനയേയും റെയിൽവെ പൊലീസ് പിടികൂടി.
സിദ്ദീഖിനെ കൊലപ്പെടുത്തിയെന്നും രണ്ടു ബാഗുകളിലായി അട്ടപ്പാടി ചുരത്തിൽ തള്ളിയെന്നും പ്രതികൾ സമ്മതിച്ചു. സിദ്ദീഖിനെ കൊലപ്പെടുത്തിയത് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഡീ കാസ ഹോട്ടലിലാണെന്നും പ്രതികൾ പൊലീസിന് മൊഴി നൽകി. ഇതനുസരിച്ച് പൊലീസ് ഇവിടെ പരിശോധന നടത്തി. വ്യാഴാഴ്ചയാണ് പ്രതികൾ ഇവിടെ മുറിയെടുത്തത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് ഷിബിലിയും ഫർഹാനയും രണ്ടു ബാഗുകൾ സിദ്ദീഖിന്റെ കാറിൽ കയറ്റി പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ കണ്ടെടുത്തു. ഈ കാർ പിന്നീട് പൊലീസ് കണ്ടെത്തി. അട്ടപ്പാടി ചുരത്തിലേക്കാണ് സിദ്ദീഖിന്റെ മൃതദേഹവുമായി പോയതെന്ന് പ്രതികൾ പറഞ്ഞു.
ഇന്നലെ രാത്രി തന്നെ ബാഗുകൾ ഇവിടെയുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഇന്ന് അഗ്‌നിശമന സേനയുടെ സഹായത്തോടെയാണ് ഇവ പുറത്തെടുത്തത്. സ്ഥലത്ത് ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.