ഖത്തറിൽ മരിച്ച മിന്‍സയുടെ മൃതദേഹം നാട്ടിലെത്തിച്ചു; തേങ്ങിക്കരഞ്ഞ് നാട്
|രാവിലെ നെടുമ്പാശേരിയില്‍ എത്തിച്ച മൃതദേഹം അവിടെ നിന്നും നോര്‍ക്കയുടെ ആംബുലന്‍സിലാണ് വീട്ടിലെത്തിച്ചത്.
കോട്ടയം: ഖത്തറില്‍ സ്‌കൂള്‍ ബസില്‍ ശ്വാസംമുട്ടി മരിച്ച നാലു വയസുകാരി മിന്‍സയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കോട്ടയം ചിങ്ങവനം പന്നിമറ്റത്തെ വീട്ടിലാണ് മൃതദേഹം എത്തിച്ചത്. രാവിലെ നെടുമ്പാശേരിയില്‍ എത്തിച്ച മൃതദേഹം അവിടെ നിന്നും നോര്‍ക്കയുടെ ആംബുലന്‍സിലാണ് വീട്ടിലെത്തിച്ചത്.
ഏതാനും മാസം മുമ്പ് വീട്ടിലെത്തി മടങ്ങിയ കുട്ടി ഇപ്പോള്‍ ജീവനറ്റ നിലയില്‍ എത്തിയത് വീട്ടുകാരെ മാത്രല്ല, നാട്ടുകാരെയാകെ കണ്ണീരിലാഴ്ത്തി. ഏവരുടേയും ഓമനയായിരുന്ന മിന്‍സയുടെ അകാലവേര്‍പാട് കുടുംബത്തിനും അയൽക്കാർക്കും നാട്ടുകാർക്കും താങ്ങാനാവാത്തതായി. നിരവധി പേരാണ് കുഞ്ഞിനെ അവസാനമായി ഒരു നോക്കുകാണാനായി വീട്ടിലേക്ക് ഒഴുകിയെത്തുന്നത്.
മൃതദേഹം ഇന്നലെ ഖത്തറിൽ പൊതുദർശനത്തിന് വച്ചിരുന്നു. തുടര്‍ന്നാണ് സംസ്‌കാരത്തിനായി നാട്ടിലേക്കെത്തിച്ചത്. പള്ളിയില്‍ സംസ്‌കാരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ മാതാപിതാക്കളുടെ ആവശ്യത്തെ തുടര്‍ന്ന് വീട്ടുവളപ്പില്‍ തന്നെ നടത്താന്‍ തീരുമാനിച്ചു. വീട്ടുവളപ്പില്‍ തയാറാക്കിയ പ്രത്യേക കല്ലറയിലാണ് സംസ്‌കാരം. പൊതുദര്‍ശനത്തിനു ശേഷം വൈകീട്ട് നാലോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.
ചിങ്ങവനം സ്വദേശി അഭിലാഷ് ചാക്കോ- സൗമ്യ ദമ്പതികളുടെ മകളാണ് മിന്‍സ. മിൻസയുടെ മരണത്തിൽ, വീഴ്ച പറ്റിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് നഴ്സറി സ്കൂളിനെതിരെ അധികൃതർ നടപടി സ്വീകരിച്ചിരുന്നു. കുട്ടി പഠിച്ച സ്പ്രിങ് ഫീൽഡ് ഇന്റർനാഷണൽ സ്‌കൂൾ സർക്കാർ അടച്ചുപൂട്ടി.
ഞായാറാഴ്ചയാണ് സ്‌കൂളിലേക്ക് പുറപ്പെട്ട മിൻസ ദാരുണമായി മരണമടഞ്ഞത്. കെ.ജി വൺ വിദ്യാർഥിയായിരുന്നു. കുട്ടി ബസിലിരുന്ന് ഉറങ്ങുന്നത് ശ്രദ്ധിക്കാതെ മറ്റു കുട്ടികളെ സ്‌കൂളിൽ ഇറക്കിയ ശേഷം ജീവനക്കാർ ബസ് ലോക്ക് ചെയ്യുകയായിരുന്നു.
കടുത്ത ചൂടും വായുസഞ്ചാരമില്ലാത്ത സാഹചര്യവുമായതോടെ കുട്ടി ശ്വാസം മുട്ടി മരിക്കുകയായിരുന്നു. ഉച്ചയ്ക്ക് കുട്ടികളെ വീട്ടിൽ എത്തിക്കാൻ ബസ് എടുത്തപ്പോഴാണ് മിൻസയെ ബസിനുള്ളിൽ അബോധാവസ്ഥയിൽ കാണുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.