Kerala
വയനാട്ടിലെ ആർ.ടി.ഒ ജീവനക്കാരിയുടെ ആത്മഹത്യ; വകുപ്പ്തല അന്വേഷണത്തിനുത്തരവിട്ട് മോട്ടോർ വാഹന വകുപ്പ്
Kerala

വയനാട്ടിലെ ആർ.ടി.ഒ ജീവനക്കാരിയുടെ ആത്മഹത്യ; വകുപ്പ്തല അന്വേഷണത്തിനുത്തരവിട്ട് മോട്ടോർ വാഹന വകുപ്പ്

Web Desk
|
7 April 2022 6:09 AM GMT

സംഭവത്തിൽ സബ് ഓഫീസ് ചുമതലയുള്ള ജോയിന്റ് ആർടിഒ ബിനോദ് കൃഷ്ണയെ വിളിച്ചു വരുത്തും

മാനന്തവാടി: വയനാട് മാനന്തവാടിയിൽ ആർടിഒ ജീവനക്കാരി സിന്ധു ആത്മഹത്യ ചെയ്ത സംഭവത്തിൽ വകുപ്പ്തല അന്വേഷണം പ്രഖ്യാപിച്ച് മോട്ടോർ വാഹന വകുപ്പ്. അന്വേഷണത്തിന് മോട്ടോർ വാഹന വകുപ്പ് ജോയിന്റ് കമ്മീഷ്ണർ കൽപറ്റയിലെത്തും. സംഭവത്തിൽ സബ് ഓഫീസ് ചുമതലയുള്ള ജോയിന്റ് ആർടിഒ ബിനോദ് കൃഷ്ണയെ വിളിച്ചു വരുത്താനാണ് തീരുമാനം.

സഹപ്രവർത്തകർക്കെതിരെ പരാതിയുമായി സിന്ധുവടങ്ങുന്ന 5 ഉദ്യോഗസ്ഥർ മൂന്ന് ദിവസം മുൻപ് വയനാട് ആർടിഒ മോഹൻദാസിനെ നേരിൽ കണ്ടിരുന്നു എന്ന് കണ്ടെത്തിയിരുന്നു. മാനന്തവാടി ഓഫീസിൽ സുഖമായി ജോലി ചെയ്യാനുള്ള അന്തരീക്ഷമുണ്ടാകണമെന്നും ഓഫീസിൽ ഗ്രൂപ്പിസമുണ്ടെന്നും ഇവര്‍‍ പരാതു ഉന്നയിച്ചിരുന്നു. എന്നാൽ സിന്ധു രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നാണ് വയനാട് ആർടിഒയുടെ വാദം.

അതെ സമയം ഉദ്യോഗസ്ഥരുടെ മാനസിക പീഡനം മൂലംകൊണ്ടു തന്നെയാണ് സിന്ദ ആത്മഹത്യ ചെയ്തതെന്ന വാദത്തിലുറച്ചു നിൽക്കുകയാണ് കുടുംബം. ആത്മഹത്യാ കുറിപ്പിൽ ഓഫീസിലെ പീഡനങ്ങളെ കുറിച്ച് പറയുന്നുണ്ട്. ആത്മഹത്യക്ക് മറ്റ് കാരണങ്ങളില്ലെന്ന് പ്രദേശവാസികളും പറയുന്നു.

ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് മാനന്തവാടി സബ് ആർടിഒ ഓഫീസിലെ സീനിയർ ക്ലർക്ക് എള്ളുമന്ദം പുളിയാർ മറ്റത്തിൽ സിന്ധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൈക്കൂലി വാങ്ങാൻ കൂട്ടുനിൽക്കാത്തതിനാൽ ഉദ്യോഗസ്ഥർ ഒറ്റപ്പെടുത്തിയെന്നും ഇതാണ് ആത്മഹത്യക്ക് കാരണമായതെന്നുമുള്ള കുടുംബത്തിന്റെ ആരോപണം ജോയിന്റ് ആർടിഒ ബിനോദ് കൃഷ്ണ അടക്കമുള്ളവർ നിഷേധിച്ചിരുന്നു. എന്നാൽ, തൊഴിലിടത്തിലെ മാനസിക പീഡനമെന്ന ആരോപണത്തിലുറച്ച് നിൽക്കുകയാണ് കുടുംബം.

പ്രദേശവാസിയും പഞ്ചായത്ത് പ്രസിഡൻറുമായ എച്ച് ബി പ്രദീപും ആത്മഹത്യക്ക് മറ്റ് കാരണങ്ങളില്ലെന്ന് ആവർത്തിച്ചു. 9 വർഷമായി മാനന്തവാടി സബ് ആർടിഒ ഓഫീസിൽ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാരിയായ സിന്ധുവിന്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടു.

Similar Posts