Kerala
mr ajith kumar
Kerala

അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ ഡിജിപി നേരിട്ട് അന്വേഷിക്കും

Web Desk
|
3 Sep 2024 12:43 AM GMT

ആരോപണങ്ങളിൽ അജിത് കുമാറിനെതിരെ കടുത്ത നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറായില്ല

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ ഡിജിപി നേരിട്ട് അന്വേഷിക്കും. ആരോപണങ്ങളിൽ അജിത് കുമാറിനെതിരെ കടുത്ത നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറായില്ല. എസ്.പി സുജിത് ദാസിനെതിരെ സ്വീകരിച്ചത് സ്ഥലംമാറ്റ നടപടി മാത്രമാണ്.

അജിത് കുമാറിനെ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി സ്ഥാനത്ത് നിന്ന് നീക്കുമെന്ന സൂചന തുടക്കം മുതലുണ്ടായിരുന്നെങ്കിലും അതുണ്ടാകാതെയാണ് അന്വേഷണ സംഘ രൂപീകരണം. സംസ്ഥാന പൊലീസ് മേധാവി ഷെയ്ക് ദർവേഷ് സാഹിബിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഉന്നത തല സംഘമാണ് അജിത് കുമാറിനും എസ്.പി സുജിത് ദാസിനുമെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്തുക. ഡിജിപിയെക്കൂടാതെ, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ജി സ്പർജൻ കുമാർ, തൃശൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ്, ക്രൈംബ്രാഞ്ച് എസ്.പി എസ്. മധുസൂദനൻ, ഇന്‍റലിജൻസ് എസ്.എസ്.ബി എസ്.പി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം അന്വേഷണം നടത്തും.

ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി. എന്നാൽ അന്വേഷണം പ്രഖ്യാപിച്ചിട്ടും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്തുനിന്ന് അജിത് കുമാറിനെ നീക്കിയില്ല. പദവിയിൽ ഇരുന്നുകൊണ്ടുതന്നെ അജിത് കുമാർ അന്വേഷണം നേരിടും. ഇതിനിടെ മരംമുറി ആരോപണവും ഫോൺ സംഭാഷണ വിവാദവും കൊണ്ട് നടപടി ഉറപ്പിച്ച എസ്.പി സുജിത് ദാസിനെതിരെയാകട്ടെ, ലഭിച്ചത് സ്ഥലംമാറ്റം മാത്രം. പകരം ചുമതല നൽകാതെ സുജിത്തിനെ പത്തനംതിട്ട എസ്.പി സ്ഥാനത്തുനിന്ന് നീക്കി. സംസ്ഥാന പൊലീസ് മേധാവിയെ നേരിൽവന്നു കാണണമെന്നാണ് നിർദേശം. എന്നാൽ കടുത്ത നടപടികളിൽ നിന്ന് അപ്പോഴും സംരക്ഷണം.



Similar Posts