വരാപ്പുഴയിലെ തമിഴ് കുടുംബത്തിന്‍റെ തിരോധാനത്തിന് മുനമ്പം മനുഷ്യക്കടത്തുമായി ബന്ധമെന്ന് പൊലീസ്
|തിരുവള്ളൂർ സ്വദേശി ചന്ദ്രനും ഭാര്യയും മൂന്നു മക്കളുമടക്കം ഏഴുപേർ മുനമ്പത്ത് നിന്നുള്ള ബോട്ടിൽ പോയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു
എറണാകുളം: വരാപ്പുഴയിലെ തമിഴ് കുടുംബത്തിന്റെ തിരേധാനത്തിന് മുനമ്പം മനുഷ്യക്കടത്തുമായി ബന്ധമെന്ന് പൊലീസ്. തിരുവള്ളൂർ സ്വദേശി ചന്ദ്രനും ഭാര്യയും മൂന്നു മക്കളുമടക്കം ഏഴുപേർ മുനമ്പത്ത് നിന്നുള്ള ബോട്ടിൽ പോയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. വിവരങ്ങൾ മുനമ്പം മനുഷ്യക്കടത്ത് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറും.
തിരോധാനത്തിന്റെ വാർത്ത മീഡിയ വണാണ് ആദ്യം പുറത്തുവിട്ടത്. നാല് വർഷങ്ങൾക്കു മുമ്പാണ് നിർമ്മാണത്തിലിരുന്ന വീടും കാറും ഉപേക്ഷിച്ച് തമിഴ്നാട് സ്വദേശി ചന്ദ്രന്റെ കുടുംബം പോയത്. പിന്നീട് കുടുംബത്തെ സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചില്ലെന്ന് മീഡിയ വൺ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വരാപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രളയത്തിൽ വസത്ര വ്യാപാരം തകർന്നതിനെ തുടർന്ന് ചന്ദ്രൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. വീട് നിർമ്മാണത്തിൽ വരാപ്പുഴ സ്വദേശി ജോളിക്ക് കൃത്യ സമയത്ത് പണം നൽകാതിരുന്നതും ഈ കാരണത്താലാണ്.
2019 ജനുവരി ആദ്യമാണ് മുനമ്പം മനുഷ്യക്കടത്ത് നടന്നത്. ഏകദേശം ഈ സമയത്താണ് ചന്ദ്രന്റെ കുടുംബത്തെയും കാണാതായത്. അതിനാലാണ് തിരോധാനത്തിന് മനുഷ്യക്കടത്തുമായി ബന്ധമുണ്ടോയെന്ന സംശയം ബലപ്പെടുന്നത്. മനുഷ്യക്കടത്ത് കേസിലെ മുഖ്യ പ്രതിയായ ബോട്ടുടമ ശ്രീകാന്തന് തമിഴ്നാട്ടിലെ തിരുവളളൂർ ജില്ലകാരനാണ്. തിരിച്ചറിയൽ രേഖയിൽ ചന്ദ്രന്റെ സ്വദേശവും തിരുവളളൂർ ജില്ലയിലെ തിരുവേർക്കാടാണ്.
ഈ സാഹചര്യത്തിൽ ഇരുവരും തമ്മിൽ ബന്ധമുണ്ടായിരുന്നോയെന്നും പൊലീസ് പരിശോധിക്കും. ചന്ദ്രന്റെ കുടുംബത്തിന്റെ തിരിച്ചറിയൽ രേഖകൾ അടക്കം ശേഖരിച്ചാണ് പൊലീസ് അന്വേഷണം. തമിഴ്നാട് സ്വദേശികളും ശ്രീലങ്കൻ അഭയാർഥികളുമായിരുന്നു ബോട്ടിലുണ്ടായിരുന്നതെന്നാണ് മുനമ്പം മനുഷ്യക്കടത്ത് കേസ് അന്വേഷിച്ചിരുന്ന പൊലീസ് സംഘം കണ്ടെത്തിയിരുന്നത്.