![സര്‍ക്കാരിന്‍റെ നൂറു ദിനങ്ങള്‍ക്കിടെ വിവാദങ്ങളിലും സമരങ്ങളിലും കുടുങ്ങിയ വിദ്യാഭ്യാസ മേഖല സര്‍ക്കാരിന്‍റെ നൂറു ദിനങ്ങള്‍ക്കിടെ വിവാദങ്ങളിലും സമരങ്ങളിലും കുടുങ്ങിയ വിദ്യാഭ്യാസ മേഖല](https://www.mediaoneonline.com/h-upload/2021/08/28/1243550-kerala-education.webp)
സര്‍ക്കാരിന്‍റെ നൂറു ദിനങ്ങള്‍ക്കിടെ വിവാദങ്ങളിലും സമരങ്ങളിലും കുടുങ്ങിയ വിദ്യാഭ്യാസ മേഖല
![](/images/authorplaceholder.jpg?type=1&v=2)
കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ആരംഭിച്ച ഓപ്പൺ സർവകലാശാലയുടെ മുന്നോട്ട് പോക്കിൽ പുലിവാല്‍ പിടിച്ചു ഉന്നത വിദ്യാഭ്യാസ മന്ത്രി
സംസ്ഥാന സർക്കാരിന്‍റെ 100 ദിനങ്ങൾക്കിടെ വിദ്യാഭ്യാസ മേഖല വിവാദങ്ങളിലും സമരങ്ങളിലും കുടുങ്ങി. വിദ്യാഭ്യാസം ഡിജിറ്റലാക്കാനും വിദ്യാർഥികൾക്ക് സീറ്റൊരുക്കാനുമുള്ള ശ്രമങ്ങളിലാണ് പൊതുവിദ്യാഭ്യാസമെങ്കിൽ ബിരുദതലം മുതൽ ഗവേഷണ മേഖല വരെ പരിഷ്കരിക്കാനുള്ള ശ്രമത്തിലായി ഉന്നത വിദ്യാഭ്യാസ വകുപ്പ്.
നിയമസഭാ കയ്യാങ്കളി കേസിലെ പ്രതിയായതിനാൽ പ്രതിപക്ഷത്തിന്‍റെ രാജി ആവശ്യത്തെ, സംസ്ഥാന സർക്കാരിന്‍റെ മധുവിധു കാലത്ത് തന്നെ അതിജീവിച്ച മന്ത്രിയാണ് പൊതുവിദ്യാഭ്യാസത്തിന്‍റെ അമരത്ത്. ഈ സമ്മർദങ്ങള്‍ക്ക് നടുവിൽ എസ്.എസ്.എൽ.സി ഫലം, തുടർന്ന് മലബാറിലെ വിദ്യാർഥികളുടെ അവസരങ്ങൾ ആവശ്യപ്പെട്ട സമരങ്ങളെയും വകുപ്പ് നേരിട്ടു. ഒഴിഞ്ഞുകിടക്കുന്ന അധിക ബാച്ചുകൾ പറിച്ചു നട്ടാണ് പ്രശ്നത്തിന് താൽകാലിക പരിഹാരം കണ്ടത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം വിജയമാണെന്ന് വിലയിരുത്തി പദ്ധതിയുടെ പേര് വിദ്യാകിരണം എന്ന് നാമകരണം ചെയ്ത് സർക്കാരിന്‍റെ പ്രധാന മിഷന്‍റെ ഭാഗമാക്കി. ഇതു വഴിയാകും ഓൺലൈൻ പഠനത്തിന്‍റെ പരിഹാരം കണ്ടെത്തുക.
കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ആരംഭിച്ച ഓപ്പൺ സർവകലാശാലയുടെ മുന്നോട്ട് പോക്കിൽ പുലിവാല്‍ പിടിച്ചു ഉന്നത വിദ്യാഭ്യാസ മന്ത്രി. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റങ്ങൾക്ക് തുടക്കമിടാൻ കഴിഞ്ഞു. ഇതിനായി വിവിധ കമ്മീഷനുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. സർവകലാശാല പരീക്ഷകളുടെ ഏകോപനം മുതൽ ക്ലാസ് നടത്തിപ്പ് വരെ കൃത്യമാക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ശ്രമം തുടങ്ങി. കോവിഡ് ഉയർത്തിയ വെല്ലുവിളികളും പരിഷ്കാരങ്ങൾ നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന വേഗതക്കുറവും പരിഹരിക്കാനാണ് വിദ്യാഭ്യാസ മേഖല ലക്ഷ്യമിടുന്നത്.