കാസർകോട് മോക്ക് പോൾ; ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ
|വിഷയത്തിൽ ജില്ലാ കലക്ടറും റിട്ടേര്‍ണിങ് ഒഫീസറും റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന് കമ്മിഷന്‍ സുപ്രിംകോടതിയിൽ
ഡൽഹി: കാസർകോട് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ പരിശോധനയിൽ ബി.ജെ.പിക്ക് അധിക വോട്ട് രേഖപ്പെടുത്തിയെന്ന ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ. വിഷയത്തിൽ ജില്ലാ കലക്ടറും റിട്ടേര്‍ണിങ് ഒഫീസറും റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന് കമ്മിഷന്‍ സുപ്രിംകോടതിയിൽ നൽകിയ മറുപടിയിൽ പറഞ്ഞു. വിശദമായ റിപ്പോർട്ട് സുപ്രിംകോടതിക്ക് നൽകാമെന്നും കമ്മിഷൻ വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കാസർകോട് മണ്ഡലത്തിൽ നടത്തിയ മോക് പോളിൽ, ചെയ്യാത്ത വോട്ട് വോട്ടിങ് മെഷീൻ ബി.ജെ.പി സ്ഥാനാർഥിയുടെ പേരിൽ രേഖപ്പെടുത്തിയെന്നായിരുന്നു പരാതി. പരാതി പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിംകോടതി നിർദേശിച്ചിരുന്നു. താമരക്ക് ഒരു വോട്ട് ചെയ്താൽ വിവിപാറ്റ് എണ്ണുമ്പോൾ രണ്ടെണ്ണം ലഭിക്കുകയായിരുന്നു. കാസർകോട് ഗവ.കോളജിൽ ഇന്നലെ നടന്ന ഇ.വി.എം പരിശോധനയിലാണ് നാല് മെഷീനുകളിൽ ക്രമക്കേട് കണ്ടെത്തിയത്.
വോട്ടിങ് യന്ത്രത്തിലെ വിവി പാറ്റ് സ്ലിപ്പുകൾ പൂർണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികൾ പരിഗണിക്കവയാണ് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ വിഷയം കോടതിയിൽ ഉയർത്തിയത്. തുടർന്ന് സംഭവം പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രിംകോടതി ആവശ്യപ്പെടുകയായിരുന്നു.