മോഡൽ കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ തെളിവെടുപ്പ് ഇന്നും തുടരും
|ഇന്നലെ നാല് പ്രതികളെയും പള്ളിമുക്കിലെ പബ്ബിലെത്തിച്ച് തെളിവെടുത്തിരുന്നു
കൊച്ചി: കൊച്ചിയിൽ മോഡൽ കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ തെളിവെടുപ്പ് ഇന്നും തുടരും. പീഡനത്തിനു ശേഷം യുവതിയെ ഇറക്കിവിട്ട കാക്കനാട്ടെ ഫ്ലാറ്റിലുൾപ്പെടെയാണ് തെളിവെടുപ്പ് നടത്തുക. ഇന്നലെ നാല് പ്രതികളെയും പള്ളിമുക്കിലെ പബ്ബിലെത്തിച്ച് തെളിവെടുത്തിരുന്നു.
പീഡനത്തിനു ശേഷം പ്രതികളായ നിധിൻ, വിവേക്, സുദീപ് , മോഡലും രാജസ്ഥാൻ സ്വദേശിയുമായ ഡിമ്പിൾ ലാമ്പ എന്നിവർ യുവതിയെ ഫ്ലാറ്റിനു മുന്നിലാണ് കാറിൽ നിന്ന് ഇറക്കി വിട്ടത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് പരാതിക്കാരി താമസിച്ചിരുന്ന കാക്കനാട്ടെ ഫ്ലാറ്റിൽ ഇന്ന് തെളിവെടുപ്പ് നടത്തുന്നത്. പള്ളിമുക്കിലെ പബ്ബിന്‍റെ പാർക്കിങ്ങ് ഏരിയയിൽ കാർ നിർത്തിയിട്ടും പിന്നീട് സഞ്ചരിച്ചും പ്രതികൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. അതിനാൽ വാഹനം കടന്ന് പോയ പാതയിലൂടെ പ്രതികളുമായി സഞ്ചരിച്ച് തെളിവെടുക്കും. ഡിമ്പിൾ ലാമ്പയുടെ ഫോൺ കണ്ടെടുക്കാനുള്ള ശ്രമവും തുടരുകയാണ്.
ലഹരി സംഘങ്ങളുമായും സെക്സ് റാക്കറ്റുമായും ഡിമ്പിൾ ലാമ്പക്ക് ബന്ധമുണ്ടോയെന്നതുൾപ്പെടെയുള്ള നിർണായക വിവരങ്ങൾ ഫോണിലുണ്ടോ എന്നാകും പൊലീസ് പരിശോധിക്കുക. നേരത്തെയും ഇവർ സമാനമായ സംഭവങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ ഫോൺ വിവരങ്ങൾ ലഭിച്ചാൽ ഇതിൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണക്കുകൂട്ടൽ. ഇതോടൊപ്പം മറ്റ് പ്രതികളുടെ ഫോണുകളും പരിശോധിക്കുന്നുണ്ട്. അഞ്ചു ദിവസത്തെ കസ്റ്റഡി കാലാവധി തീരുന്നതിനു മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.