Kerala
പൊലീസല്ല, മീന്‍ കൊട്ട തട്ടിത്തെറിപ്പിച്ചത് മത്സ്യവില്‍പനക്കാരി തന്നെയെന്ന് ദൃക്സാക്ഷി
Kerala

പൊലീസല്ല, മീന്‍ കൊട്ട തട്ടിത്തെറിപ്പിച്ചത് മത്സ്യവില്‍പനക്കാരി തന്നെയെന്ന് ദൃക്സാക്ഷി

Web Desk
|
26 Aug 2021 7:29 AM GMT

എന്നാല്‍ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും മരിയ പുഷ്പം പ്രതികരിച്ചു

തിരുവനന്തപുരം കരമനയില്‍ മത്സ്യവില്‍പനക്കാരിയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ചെന്ന പരാതി വ്യാജമെന്ന നിഗമനത്തില്‍ പൊലീസ്. മീന്‍ കൊട്ട തട്ടിത്തെറിപ്പിച്ചത് മത്സ്യവില്‍പനക്കാരിയായ മരിയ പുഷ്പം തന്നെയാണെന്ന് ദൃക്സാക്ഷിയായ യൂസഫ് മീഡിയവണിനോട് പറഞ്ഞു. എന്നാല്‍ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും മരിയ പുഷ്പം പ്രതികരിച്ചു.

കഴിഞ്ഞ ദിവസം വൈകുന്നേരം കരമനപ്പാലത്തിന് സമീപം കച്ചവടം ചെയ്യുകയായിരുന്ന മരിയ പുഷ്പത്തിന്‍റെ മീന്‍കൊട്ട പൊലീസ് തട്ടിത്തെറിപ്പിച്ചെന്ന പരാതിയിലാണ് അന്വേഷണം തുടരുന്നത്. സാക്ഷിമൊഴികളടക്കം പരിശോധിച്ച ശേഷം ആരോപണം വ്യാജമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പൊലീസ് വാഹനം മരിയ പുഷ്പത്തിന്‍റെ തൊട്ടടുത്തായിരുന്നില്ലെന്നിരിക്കെ ജീപ്പിലിരുന്ന് കൊണ്ട് തന്നെ മീന്‍കൊട്ട തട്ടിത്തെറിപ്പിച്ചെന്ന മരിയ പുഷ്പത്തിന്‍റെ മൊഴിയിലും സംശയമുണ്ടെന്നാണ് പൊലീസ് നിലപാട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചും അന്തിമ നിഗനത്തിലെത്താനാണ് നീക്കം. മീന്‍കൊട്ട പൊലീസ് തട്ടിത്തെറിപ്പിച്ചിട്ടില്ലെന്ന് ദൃക്സാക്ഷിയായ യൂസഫ് പറഞ്ഞു.

അതേസമയം പൊലീസിനെതിരെ പ്രതിഷേധിച്ച് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തി. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വി. ശിവന്‍കുട്ടി ജില്ല ലേബ‍ര്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.



Related Tags :
Similar Posts