‘അവർക്ക് മാത്രം എല്ലാ സപ്പോർട്ടും ആനുകൂല്യവും ലഭിക്കുന്നു, കെ.എസ് ഷാൻ കേസ് എല്ലായിടത്തും പിന്തള്ളപ്പെടുന്നു’ - ഭാര്യ ഫൻസില
|പത്തും അഞ്ചു വയസ്സും പ്രായമുള്ള പെൺ മക്കൾക്കാണ് അച്ഛൻ ഇല്ലാതായത്. നീതി ലഭിക്കണം. നീതി ലഭിക്കും വരെ അതിനായി പോരാടുമെന്നും അവർ പറഞ്ഞു
ആലപ്പുഴ: എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാൻ വധക്കേസിൽ നീതി ലഭിച്ചില്ലെന്ന് ഷാനിന്റെ കുടുംബം. എല്ലാവർക്കും തുല്യ നീതി ലഭിക്കണം ,സാധുക്കൾ ആയതുകൊണ്ട് ഞങ്ങളുടെ കണ്ണീരിന് വിലയില്ലാതാവുന്നില്ലെന്ന് ഷാനിന്റെ ഭാര്യ ഫൻസില മീഡിയവണിനോട് പറഞ്ഞു. പത്തും അഞ്ചു വയസ്സും പ്രായമുള്ള പെൺ മക്കൾക്കാണ് അച്ഛൻ ഇല്ലാതായത്. ഷാൻ കൊല്ലപ്പെട്ടില്ലായിരുന്നുവെങ്കിൽ ഒരിക്കലും രൺജിത് ശ്രീനിവാസനും കൊല്ലപ്പെടില്ലായിരുന്നു.
ഷാൻ കൊല്ലപ്പെട്ടത് എങ്ങനെ ആയിരുന്നു എന്ന് സമൂഹം സി.സി.ടി.വി ദൃശ്യങ്ങളിലൂടെ കണ്ടതാണ്. രണ്ടു കുടുംബങ്ങൾക്കും ഒരേ തരത്തിലുള്ള നഷ്ടങ്ങളാണ് സംഭവിച്ചത്. അവർക്ക് മാത്രം എല്ലാ സപ്പോർട്ടും ആനുകൂല്യവും ലഭിക്കുന്നു.ഷാൻ കേസ് എല്ലായിടത്തും പിന്തള്ളപ്പെടുകയാണ്. തങ്ങൾക്കും നീതി ലഭിക്കണം നീതി ലഭിക്കും വരെ അതിനായി പോരാടും, നീതി നടപ്പാക്കാതെ ഇരുന്നത് രാഷ്ട്രീയക്കാരുടെ ഒത്തുകളി മൂലമാണെന്നും അവർ പറഞ്ഞു.
മകനെ കൊലപ്പെടുത്തിയത് ക്രൂരമായാണെന്നും തന്റെ മകനു മാത്രം നീതിലഭിച്ചില്ലെന്ന് ഉമ്മ റഹ്മാ ബീവി പറഞ്ഞു. തുല്യനീതി ഞങ്ങൾക്ക് ലഭിച്ചില്ലെന്ന് ഷാനിന്റെ പിതാവ് എച്ച് സലിം പറഞ്ഞു.ഒരു കൊലപാതകത്തെയും ന്യായീകരിച്ചിട്ടില്ല.നീതി ലഭിക്കുക എന്നുള്ളതാണ് ഓരോ പൗരന്റെയും ആഗ്രഹം. കൊലപാതകങ്ങളിലൂടെ കുടുംബങ്ങൾക്കും പൊതുസമൂഹത്തിനും നഷ്ടമുണ്ടാവരുത്. തങ്ങൾക്ക് നീതി ലഭിച്ചില്ല എന്നുള്ള പരാതിയുണ്ട്. രാഷ്ട്രീയക്കാർ രാഷ്ട്രീയം കളിക്കും , മകൻ നഷ്ടമായ പിതാവിൻറെ വേദനയാണ് താൻ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
രൺജിത്ത് വധക്കേസിലെ 15 പ്രതികൾക്കും കഴിഞ്ഞ ദിവസം വധശിക്ഷ വിധിച്ചിട്ടും ഷാൻ വധക്കേസ് എങ്ങുമെത്താതെ നിൽക്കുകയാണ്. 2021 ഡിസംബർ 18ന് രാത്രിയാണ് എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെടുന്നത്. 19ന് രാവിലെയാണ് ബിജെപി നേതാവ് രൺജിത് ശ്രീനിവാസൻ കൊല്ലപ്പെടുന്നത്. ആ കേസിലെ പ്രതികൾക്ക് ശിക്ഷ ലഭിക്കുമ്പോൾ ഷാൻ വധക്കേസിലെ പ്രതികൾ ജാമ്യത്തിൽ പുറത്താണ്. ഈ രണ്ട് കേസുകളിലും അന്വഷണം നടത്തി പ്രതികളെ പിടികൂടിയിരുന്നു. പക്ഷേ ആദ്യ സംഭവമായ ഷാൻ കൊലക്കേസ് ഇഴഞ്ഞു നീങ്ങുകയാണ്. കുറ്റപത്രം സമർപ്പിച്ചിട്ട് രണ്ട് വർഷം പിന്നിട്ടു.
കേസിൻ്റെ മുന്നോട്ട് പോക്കിനെ കുറിച്ച് വ്യാപക പരാതി ഉയർന്നതോടെയാണ് കഴിഞ്ഞയാഴ്ച പി.പി ഹാരിസിനെ പ്രോസിക്യൂട്ടറായി നിയമിച്ചത്. ഇതിനുശേഷമാണ് അടുത്ത മാസം രണ്ടിന് ആലപ്പുഴ സെഷൻസ് കോടതി കേസ് പരിഗണിക്കാൻ തീരുമാനിച്ചത്. ഷാൻ വധക്കേസിൽ 13 പ്രതികളാണുള്ളത്. ആദ്യ കേസ് ഇഴഞ്ഞു നീങ്ങുകയും രണ്ടാം കേസിൽ വേഗം വാദം പൂർത്തിയാക്കി വിധി പറയുകയും ചെയ്യുമ്പോൾ ഇരട്ടനീതിയെന്ന ആക്ഷേപമാണുയരുന്നത്.