'രക്ഷപ്പെടുത്താമായിരുന്നു, മനുഷ്യന്മാരാണ് എന്റെ ചേട്ടായിനെ കൊന്നത്'; തോമസിന്‍റെ മരണത്തില്‍ ചികിത്സാ പിഴവ് ആവര്‍ത്തിച്ച് കുടുബം
|'അദ്ദേഹം മരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. കാരണം, കാലിന് ഒരു മുറിവേയുള്ളൂ. അതുകൊണ്ട് തന്നെ അത് ഓപ്പറേഷൻ ചെയ്ത് നേരെയാക്കാനാവും എന്നാണ് വിചാരിച്ചത്'
വയനാട്: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന് ചികിത്സ നൽകുന്നതിൽ വയനാട് മെഡിക്കൽ കോളേജിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പിന്റെ വിശദീകരണം. എന്നാൽ തോമസ് മരിച്ചത് ചികിത്സാ പിഴവ്മൂലമാണെന്ന് ആവർത്തിച്ച് കുടുംബം രംഗത്ത് വന്നു. 'അദ്ദേഹം മരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. കാരണം, കാലിന് ഒരു മുറിവേയുള്ളൂ. അതുകൊണ്ട് തന്നെ അത് ഓപ്പറേഷൻ ചെയ്ത് നേരെയാക്കാനാവും എന്നാണ് വിചാരിച്ചത്' വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ വീട് സന്ദർശിച്ചപ്പോഴും ഇക്കാര്യം വീട്ടുകാർ ആവർത്തിച്ചു.
സംഭവത്തിൽ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് മെഡിക്കൽ ഡയറക്ടർ നൽകിയ റിപ്പോർട്ടിലാണ് മാനന്തവാടി മെഡിക്കൽ കോളേജിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നും ആറ് ഡോക്ടർമാർ മരിച്ച തോമസിനെ പരിശോധിച്ചിരുന്നതായും പറയുന്നു. അതിന് ശേഷമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയതന്നെ വിശദീകരണമാണ് നൽകിയത്. ആരോഗ്യമന്ത്രിയും ഇക്കാര്യം സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ജനുവരി 12നാണ് വാളാട് പുതുശേരിയിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവ കർഷകനെ ആക്രമിച്ച് കൊന്നത്.
പള്ളിപ്പുറത്ത് സാലു എന്ന തോമസ് 50 ആണ് മരിച്ചത്. കടുവയുടെ ആക്രമണത്തിൽ കാലിന് സാരമായി പരിക്കേറ്റ ഇദ്ദേഹത്തെമാനന്തവാടി മെഡിക്കൽ കോളേജിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് കേഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ സ്ഥിതി ഗുരുതരമായതിനെ തുടർന്ന് കൽപ്പറ്റയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ഏറെ വൈകാതെ തോമസ് മരിച്ചു.